

തൃശൂർ: ബാറുകളുടെ പ്രവർത്തന സമയം നീട്ടിയ തീരുമാനത്തിൽ എം.ബി. രാജേഷിനെ തള്ളി വി.ഡി. സതീശന്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാറുകളുടെ പ്രവർത്തന സമയം നീട്ടിയത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാവർക്കും ലൈസൻസ് നൽകി മദ്യം ഒഴുക്കുന്നത് ദോഷകരമാകുമെന്നും വിഷയവുമായി ബന്ധപ്പെട്ട് ഗവൺമെൻ്റുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
"സമയം എകീകരിക്കുന്നതിന് ശ്രമം നടക്കുന്നു എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ ഗവൺമെൻ്റുമായി ഒരു ചർച്ചയും നടന്നിട്ടില്ല. മന്ത്രി അടുത്ത കാലത്ത് ഒരു ഫോൺ പോലും വിളിച്ചിട്ടില്ല. ഞങ്ങളോട് സംസാരിച്ചാൽ അല്ലേ നിലപാട് പറയാനാകു. ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ദുരൂഹതയുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ സമയം ദീർഘിപ്പിക്കുന്നത് മനസിലാക്കാം. മാധ്യമങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് തങ്ങൾക്ക് അഭിപ്രായം പറയാനാവില്ല", വി.ഡി. സതീശൻ.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനമായത്. ബാർ സമയം നീട്ടിയതിനെ സ്വകാര്യ സംഭാഷണങ്ങളിൽ എല്ലാവരും അനുകൂലിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിനും ഇത് അറിയാമായിരുന്നു. അനുകൂല നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നുമായിരുന്നു വിഷയത്തിൽ എം.ബി. രാജേഷ് പ്രതികരിച്ചത്. ബാർ സമയം കൂട്ടാൻ ഫയൽ തിടുക്കത്തിൽ ഒപ്പിട്ടുവെന്ന ആരോപണം ശരിയല്ലെന്നും വളരെ സാവധാനമാണ് ഫയൽ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാവിലെ 10 മുതൽ രാത്രി 12 വരെയാണ് സംസ്ഥാനത്ത് ബാറുകൾ തുറന്ന് പ്രവർത്തിക്കുക. എംഐസിഇ ടൂറിസം ഉള്ളിടങ്ങളിലുള്ള ബാറുകൾക്ക് പുലർച്ചെ മൂന്നു വരെ പ്രവർത്തിക്കാൻ സാധിക്കും. ഇതിനായി അധികം ഫീസ് നൽകേണ്ടിവരും. വാർഷിക ലൈസൻസ് ഫീസ് അഞ്ച് ലക്ഷമാണ് അധികമായി നൽകേണ്ടത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവൃത്തി സമയം. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെടുത്തത്. വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.