കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ രോഗം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗബാധ. ഏഴു വയസ്സുകാരന്റെ പരിശോധനാ ഫലം പോസിറ്റീവായി. പെൺകുട്ടിയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
ഇവരുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍, കടുത്ത പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി സ്വദേശിയായ നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. പിന്നാലെ പെൺകുട്ടി ഉപയോഗിച്ച വെള്ളത്തിന്‍റെ സാംപിളുകളടക്കം ആരോഗ്യ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിൻ്റെ പരിശോധനാ ഫലം ലഭിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളേയും കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ വെള്ളം ഉപയോഗിച്ചതാകാം സഹോദരനും രോഗം വരാന്‍ കാരണം. മറിച്ച് ഒരു വ്യക്തിയില്‍ നിന്ന് പടരുന്ന രോഗമല്ല അമീബിക് മസ്തിഷ്ക ജ്വരം.
കൂടുതൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും, ജനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം. കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.