
കേന്ദ്ര ബജറ്റില്‍ കേരളത്തിനായി യുഡിഎഫ് എംപിമാര്‍ ഒരുമിച്ചുനില്‍ക്കുമെന്ന് ഉറപ്പുനല്‍കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആവശ്യങ്ങള്‍ നേടുന്നതിന് ഇത് സഹായകമാകുമെന്നും വാക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും, വിഴിഞ്ഞത്തിന് 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ദേശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച തുക തിരികെ നല്‍കണം. തെരഞ്ഞെടുപ്പിലെ തിരിച്ചടി അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അഗ്‌നിവീര്‍ നടപ്പാക്കിയ സമയത്തെ പ്രതിഷേധം കണ്ടതാണ്. അതുകൊണ്ട്, കുറച്ച് കൂടി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല. പല സംസ്ഥാനങ്ങളും കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടു. യുഡിഎഫ് എംപിമാര്‍ പിന്തുണ വാഗ്ദാനം ചെയ്തു. ഒരുമിച്ച് നില്‍ക്കുന്നത് സഹായകരമാകും. ബിഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.' കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
'2021 ഏപ്രില്‍ ഒന്നിന് ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ ഒരു സംസ്ഥാനമാണ് കേരളം. പെന്‍ഷന്‍ കുടിശിക, സാമൂഹ്യക്ഷേമ പെന്‍ഷന്‍ എല്ലാം നല്‍കി. സര്‍ക്കാറിനെ കേന്ദ്രം ശ്വാസം മുട്ടിച്ചപ്പോഴും സര്‍ക്കാര്‍ ഇതെല്ലാം ചെയ്തു. കിഫ്ബിക്കായി 20,000 കോടി ചെലവാക്കിയത് ഈ സര്‍ക്കാരാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1.60 ലക്ഷം കോടിയാണ് ചെലവാക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് എംയിസ് നേരത്തെ വരേണ്ടതായിരുന്നു, ഇന്ത്യയുടെ മെഡിക്കല്‍ രംഗത്ത് സംഭവിച്ച കോട്ടമാണിത്.' ധനമന്ത്രി പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് അവതരിപ്പിക്കാനിരിക്കുന്നത്. 2027നകം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെ, അടുത്ത അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ അജണ്ടയെന്താണെന്ന് വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.