കേരള ടൂറിസത്തിന് പുതിയ ആകാശം: പരീക്ഷണ പറക്കൽ പൂർത്തിയാക്കി സീപ്ലെയിൻ; കന്നി യാത്ര നടത്തി മന്ത്രിമാർ

മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി, കൊച്ചി മേയർ അനിൽകുമാർ എന്നിവർ ഉൾപ്പടെയുള്ളവരുമായാണ് വിമാനം മാട്ടുപ്പെട്ടിയിലേക്ക് പറന്നത്
കേരള ടൂറിസത്തിന് പുതിയ ആകാശം: പരീക്ഷണ പറക്കൽ പൂർത്തിയാക്കി സീപ്ലെയിൻ; കന്നി യാത്ര നടത്തി മന്ത്രിമാർ
Published on


കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് വലിയ പ്രതീക്ഷ നൽകി സീപ്ലെയിൻ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. കൊച്ചി ബോൾഗാട്ടി മറീനയിൽ മന്ത്രിമാരുമായി പറന്നുയർന്ന സീപ്ലെയിൻ 29 മിനിറ്റ് കൊണ്ടാണ് മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിൽ ഇറങ്ങിയത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി, കൊച്ചി മേയർ അനിൽകുമാർ എന്നിവർ ഉൾപ്പടെയുള്ളവരുമായാണ് വിമാനം മാട്ടുപ്പെട്ടിയിലേക്ക് പറന്നത്. കൊച്ചിയിലെ ആകാശത്ത് രണ്ട് തവണ വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം മാട്ടുപ്പെട്ടിയിലേക്ക് തിരിച്ചത്. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിനും, എം.എം. മണിയും ഉൾപ്പടെയുള്ളവർ ചേർന്നാണ് സീപ്ലെയിനിനെ സ്വീകരിച്ചു.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് പരീക്ഷണ പറക്കൽ ഫ്ലാഗ് ഓഫ് ചെയ്തത്. സാധാരണക്കാർക്ക് കൂടി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ വിമാനത്തിലെ നിരക്ക് ക്രമീകരിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ അടക്കം സംരക്ഷിച്ച് കൊണ്ടായിരിക്കും ജലവിമാനം സർവീസ് നടത്തുകയെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു. മാട്ടുപ്പെട്ടിയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് മടങ്ങിയ വിമാനം അവിടെ നിന്ന് ലക്ഷദ്വീപിലേക്ക് പോയി.

കഴിഞ്ഞ ദിവസമാണ് മൈസൂരുവിൽ നിന്ന് സീപ്ലെയിൻ കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. കനേഡിയൻ കമ്പനിയുടേതാണ് ഈ ജലവിമാനം. ഒരു സമയം 15 പേർക്കാണ് വിമാനത്തിൽ യാത്രചെയ്യാൻ സാധിക്കുക. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.

അതേസമയം, പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍. 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തുടർന്നാണ് പദ്ധതി നിർത്തിവച്ചത്. അന്ന് പദ്ധതിക്ക് തടസം നിന്നവർ തന്നെയാണ് ഇപ്പോഴത് നടപ്പാക്കുന്നതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com