
കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം നടന്നത് 1988 ജൂലൈ എട്ടിനായിരുന്നു. ബാംഗ്ലൂരിൽ നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രയിൽ, ഐലൻഡ് എക്സ്പ്രസിന്റെ 10 ബോഗികൾ അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ 105 പേരാണ് മരിച്ചത്. ഇരുന്നൂറിലധികം പേർക്ക് പരുക്കുമേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
'ടൊർണാഡോ' ചുഴലിക്കാറ്റിൽപ്പെട്ട് ട്രെയിൻ പെരുമൺ പാലത്തിൽനിന്ന് താഴേയ്ക്ക് പതിച്ചെന്നായിരുന്നു റെയിൽവേയുടെ ആദ്യ റിപ്പോർട്ട്. ചെറിയൊരു കാറ്റ് പോലും ഇല്ലാതിരുന്ന സമയത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിവാദമായി. പിന്നീട്, കാറ്റായിരുന്നില്ല കാരണമെന്ന് ഫൊറൻസിക് വിദഗ്ധൻ വിഷ്ണു പോറ്റി കണ്ടെത്തി. പാളം തെറ്റിയിട്ടും പിന്നീട് പാളത്തിലേക്ക് കയറിയ എൻജിൻ കുതിക്കവെ, പരിചയസമ്പന്നനല്ലാത്ത ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതായിരിക്കാം ബോഗികൾ മറിയാൻ കാരണമെന്ന് അദ്ദേഹം റെയിൽവേയ്ക്ക് റിപ്പോർട്ട് നൽകി. ലോക്കോ പൈലറ്റിന്റെ മൊഴിയും ഇത് ശരിവെച്ചു. അതോടെ, ടൊർണാഡോ കഥയ്ക്ക് അന്ത്യമായി. പക്ഷേ, രേഖകളിൽ ഇപ്പോഴും കാരണക്കാരൻ ടൊർണാഡോയാണ്. അന്വേഷണം അവിടെ നിലച്ചു. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും യഥാർത്ഥ അപകട കാരണം അജ്ഞാതം.
പെരുമൺ ദുരന്തത്തിന്റെ കഥകൾ ആളുകൾ മറന്നു തുടങ്ങുമ്പോഴായിരുന്നു, കേരളക്കരയെ ഞെട്ടിച്ച മറ്റൊരു ട്രെയിൻ ദുരന്തം സംഭവിക്കുന്നത്. 2001 ജൂൺ 21ന്, മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (6602) കടന്നുപോകുമ്പോൾ കടലുണ്ടി പാലം പൊളിഞ്ഞ്, നടുവിലെ ചില ബോഗികൾ പുഴയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് 4.45ന് കോഴിക്കോട് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അഞ്ച് മണിയോടെ അപകടത്തിൽപ്പെട്ടത്. മൂന്ന് ഫസ്റ്റ് ക്ലാസ് ബോഗികൾ വെള്ളത്തിലാഴ്ന്നു. ഓരോ ജനറൽ ബോഗിയും, സ്ത്രീകളുടെ ബോഗിയും പാലത്തിൽനിന്ന് തൂങ്ങിക്കിടന്നു. അപകടത്തിൽ 52 പേർ മരിച്ചു. 222 പേർക്ക് പരുക്കുമേറ്റു.
അപകടകാരണം സംബന്ധിച്ച ചർച്ചകളും അന്വേഷണങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച, 140 വർഷത്തിലധികം പഴക്കമുള്ള ഇരുമ്പുപാലത്തിന്റെ തൂണിൽ ചെന്നെത്തി. ട്രെയിൻ പാലത്തിൽ കയറിയപ്പോൾ, തൂൺ ചരിയുകയോ താഴുകയോ ചെയ്തിരിക്കാം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അതല്ല, ബോഗികൾ പാളം തെറ്റി താഴേയ്ക്ക് പതിച്ചതാണെന്നായിരുന്നു മറുഭാഗത്തിന്റെ വാദം. ഇതോടെ, തകർന്ന തൂണിന്റെ മുകൾഭാഗം പരിശോധനയ്ക്കായി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. അതേസമയം, തകർന്ന തൂണിന്റെ ബാക്കിയുള്ള ഭാഗം കുഴിച്ചെടുത്ത് പരിശോധിച്ചതുമില്ല. പാലത്തിന്റെ ബലക്ഷയം തന്നെയാണ് അപകടകാരണമെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചു. പകരം നിർമിച്ച പുതിയ പാലത്തിലൂടെയാണ് നിലവിൽ ട്രെയിൻ ഗതാഗതം. ദുരന്തസ്മരണയുടെ ശേഷിപ്പുകളായി തൂണിന്റെ ചില ഭാഗങ്ങൾ അവശേഷിക്കുമ്പോഴും, യഥാർത്ഥ കാരണം ഇന്നും അജ്ഞാതം.