
ലോക പ്രശസ്ത ഫാസ്റ്റ് ഫുഡ് ഭീമന്മാരായ കെൻ്റക്കി ഫ്രൈഡ് ചിക്കൻ, കെഎഫ്സി സ്വദേശത്തോട് യാത്ര പറയാനൊരുങ്ങുന്നു. കെഎഫ്സി ആസ്ഥാനമായ കെൻ്റക്കിയിലെ ലൂയിസ്‌വില്ലിനോടാണ് കെഎഫ്സി ബൈ പറയുന്നത്. പുതിയ ആസ്ഥാനം ടെക്സാസിലെ പ്ലാനോസ് ആകും. കെഎഫ്‌സിയുടെ മാതൃ കമ്പനിയായ യം ബ്രാൻഡ്‌സ് ആണ് ഈ നീക്കം പ്രഖ്യാപിച്ചത്.
യം ബ്രാൻഡിൻ്റെ മുൻനിര ബ്രാൻഡുകൾക്കായി രണ്ട് പ്രധാന ആസ്ഥാനങ്ങൾ നിർമ്മിക്കുന്നതിനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് ഈ സ്ഥലംമാറ്റം. കെഎഫ്‌സിയും പിസ ഹട്ടും ഇനി ടെക്‌സാസിലെ പ്ലാനോയിൽ നിന്നായിരിക്കും പ്രവർത്തിക്കുക. എന്നാൽ, ടാക്കോ ബെല്ലും ഹാബിറ്റ് ബർഗറും ഗ്രില്ലും കാലിഫോർണിയയിലെ ഇർവിനിൽ നിന്ന് തന്നെ പ്രവർത്തനങ്ങൾ തുടരും. കുറഞ്ഞ നികുതിയും ബിസിനസ് സൗഹൃദ നയങ്ങളും കാരണം കമ്പനികൾ ടെക്‌സാസിലേക്ക് മാറുന്നതിൻ്റെ സമീപകാല പ്രവണതയ്ക്ക് അനുസൃതമായാണ് കെഎഫ്സിയുടെ ഈ നീക്കം.
ഈ മാറ്റങ്ങൾ സുസ്ഥിര വളർച്ചയ്ക്കും ഉപഭോക്താക്കൾ, ജീവനക്കാർ, ഫ്രാഞ്ചൈസികൾ, ഷെയർഹോൾഡർമാർ എന്നിവരെ മികച്ച രീതിയിൽ സേവിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് യം ബ്രാൻഡ്‌സിൻ്റെ സിഇഒ ഡേവിഡ് ഗിബ്‌സ് പറഞ്ഞു. നൂറോളം കോർപ്പറേറ്റ് ജീവനക്കാരെയും ഏതാനും വിദൂര തൊഴിലാളികളെയും കെഎഫ്സിയുടെ ഈ തീരുമാനം ബാധിക്കും. എന്നാൽ, സ്ഥലംമാറ്റ പ്രക്രിയയിൽ കമ്പനി അവരെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, കെഎഫ്‌സിയുടെ ആസ്ഥാനം മാറ്റാനുള്ള തീരുമാനത്തിൽ കെൻ്റക്കി ഗവർണർ ആൻഡി ബെഷിയർ ഖേദം പ്രകടിപ്പിച്ചു. "ഈ തീരുമാനത്തിൽ ഞാൻ നിരാശനാണ്, കമ്പനിയുടെ സ്ഥാപകനും അങ്ങനെയായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഈ കമ്പനിയുടെ പേര് കെൻ്റക്കിയിൽ നിന്നാണ് ആരംഭിക്കുന്നത്, മാത്രമല്ല നമ്മുടെ സംസ്ഥാനത്തിൻ്റെ പൈതൃകവും സംസ്കാരവും, ഉൽപ്പന്നത്തിൻ്റെ വിൽപ്പനയിൽ ഉപകാരപ്രദമായിട്ടുണ്ട്," ആൻഡി ബെഷിയർ പറഞ്ഞു.