സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം; വിവരം നല്‍കിയത് ഫ്‌ളാറ്റില്‍ കഥ പറയാനെത്തിയ യുവാവ്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമീര്‍ താഹിറിന് നോട്ടീസ് നല്‍കും
സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം; വിവരം നല്‍കിയത് ഫ്‌ളാറ്റില്‍ കഥ പറയാനെത്തിയ യുവാവ്
Published on

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും പിടികൂടിയ സംഭവത്തിൽ എക്‌സൈസിന് വിവരം നല്‍കിയത് ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകര്‍. ഈ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം.


ഇവിടെ സംവിധായകരോട് കഥ പറയാന്‍ എത്തിയ യുവാവാണ് എക്‌സൈസിന് വിവരം കൈമാറിയത്. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്നാണ് സംവിധായകരെ പിടികൂടിയത്.


അതേസമയം, സംവിധായകരില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് അന്വേഷണം സ്‌ക്വാഡ് സിഐ ശ്രീരാജിനാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമീര്‍ താഹിറിന് നോട്ടീസ് നല്‍കുമെന്ന് എക്‌സൈസ് അറിയിച്ചു. സംവിധായകര്‍ക്ക് കഞ്ചാവ് കൈമാറിയ എറണാകുളം സ്വദേശിക്കായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും പിടികൂടിയത്. ഇവര്‍ക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു. .50 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. കസ്റ്റഡയിലെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടു.


അതിനിടയില്‍, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതി തസ്ലീമ സുല്‍ത്താനുമായുള്ള ഇരുവരുടെയും ലഹരി ഇടപാടുകളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി 40 ഓളം ചോദ്യങ്ങള്‍ അടങ്ങുന്ന പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.


ഹൈബ്രിഡ് കഞ്ചാവ് ഇടപാടില്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കേസില്‍ പ്രതികളാക്കാന്‍ സാധ്യതയുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അറസ്റ്റു അടക്കമുള്ള നടപടികളിലേക്കും കടന്നേക്കും. ഇതുവരെയുള്ള ചോദ്യം ചെയ്യലിലൂടെ ലഭ്യമായ ഡിജിറ്റല്‍ തെളിവുകളെ ആധാരമാക്കിയാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താരങ്ങളുടെ ലഹരി ഇടപാടില്‍ ഇടനിലക്കാരിയായി നിന്ന കൊച്ചിയിലെ മോഡലായ പാലക്കാട് സ്വദേശി സൗമ്യക്കും നാളെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗമ്യയും തസ്ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com