'ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയെ അശുദ്ധമാക്കി'; വിമർശനവുമായി ഇന്ത്യൻ വംശജനായ കനേഡിയൻ എംപി

എഡ്മണ്ടിലെ ഹിന്ദുക്ഷേത്രം നശിപ്പിച്ചതിന് അപലപിച്ച ചന്ദ്രയെ ഖലിസ്ഥാനികൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രസ്താവന
'ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയെ അശുദ്ധമാക്കി'; വിമർശനവുമായി ഇന്ത്യൻ വംശജനായ കനേഡിയൻ എംപി
Published on

ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയെ അശുദ്ധമാക്കിയെന്ന് പ്രമുഖ ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ. ചാർട്ടർ ഓഫ് റൈറ്റ്‌സ് പ്രകാരം ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങൾ ഖലിസ്ഥാൻ തീവ്രവാദികൾ ദുരുപയോഗം ചെയ്യുകയാണെന്നും ചന്ദ്ര ആര്യ പറഞ്ഞു. എഡ്മണ്ടിലെ ഹിന്ദുക്ഷേത്രം നശിപ്പിച്ചതിന് അപലപിച്ച ചന്ദ്രയെ ഖലിസ്ഥാനികൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു വിമർശനം.

കനേഡിയൻ ഹൗസ് ഓഫ് കോമൺസിലെ നേപ്പിനിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ് ചന്ദ്ര ആര്യ. ഹിന്ദു ആരാധനാലയത്തിൻ്റെ തകർച്ചയിൽ അപലപിച്ച ആര്യയോട് സിഖ് ഫോർ ജസ്റ്റിസിൻ്റെ വിഘടനവാദിയായ ഗുർപത്വന്ത് സിംഗ് പന്നൂൺ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ടതായി എംപി തൻ്റെ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ആര്യയ്ക്ക് പിന്നാലെ നേതാവിൻ്റെ ഹിന്ദു-കനേഡിയൻ സുഹൃത്തുക്കളും ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗുർപത്വന്ത് സിംഗിൻ്റെ വീഡിയോ.

"ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ കാനഡയിലേക്ക് വന്നിട്ടുണ്ട്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിലെയും കരീബിയനിലെയും നിരവധി രാജ്യങ്ങളിൽ നിന്നും ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങൾ ഇവിടെ എത്തി, കാനഡ ഞങ്ങളുടെയും നാടാണ്." കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി അംഗമായ ആര്യ എക്സിൽ കുറിച്ചു.

ഹിന്ദുക്കൾ കാനഡയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വളരെയധികം ക്രിയാത്മകവും ഉത്പാദനപരവുമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഹിന്ദു സംസ്‌കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും നീണ്ട ചരിത്രത്തിലൂടെ ഞങ്ങൾ കാനഡയുടെ ബഹുസാംസ്‌കാരിക ഘടനയെ സമ്പന്നമാക്കിയിട്ടുണ്ടെന്നും എംപി പറഞ്ഞു.

അടുത്തിടെയാണ് ആൽബെർട്ടാ സ്റ്റേറ്റിലെ എഡ്മണ്ടനിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പ്രദേശത്തെ ഹിന്ദു ആരാധനാലയമായ ബിഎപിഎസ് സ്വാമിനാരായൺ മന്ദിർ നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ വെടിയോറ്റ് കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ-കാനഡ ബന്ധം വീണ്ടും വഷളായത്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാരും പങ്കാളികളായേക്കാമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളായി. കനേഡിയൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് കാനഡ ഇടം നൽകുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്‌നമെന്നാണ് ഇന്ത്യയുടെ വാദം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com