
ഖലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് നാടു കടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുപ്ത നിലവിൽ ബ്രൂക്ലിനിലെ ഫെഡറൽ മെട്രോപൊളിറ്റിൻ ഡിറ്റഷൻ സെൻ്ററിലാണ്. പന്നുവിനെ കൊലപ്പെടുത്താനായി ഗുപ്ത ഒരു ഹിറ്റ്മാനെ നിയമിച്ചതായും 15,000 ഡോളർ അഡ്വാൻസ് നൽകിയതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു. മറ്റൊരു ഇന്ത്യൻ വംശജനു കൂടി ഇതിൽ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അന്യായമായ കുറ്റം ചുമത്തുകയായിരുന്നുവെന്നും തൻ്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം നിഷേധിക്കുന്നുവെന്നും നിഖിൽ ഗുപ്ത പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ഗൂഢാലോചന കുറ്റം ചുമത്തി ആരോപിച്ച് ഗുപ്തയെ അറസ്റ്റ് ചെയ്തത്. തന്നെ യുഎസ്സിന് കൈമാറുന്നതിനെതിരെ നിഖിൽ ഗുപ്ത ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ, നിഖിൽ ഗുപ്തയ്ക്ക് 10 വർഷത്തെ തടവ് ശിക്ഷ ലഭിക്കും.