'കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി കിട്ടണം'; ദര്‍ശന്‍റെ അറസ്റ്റില്‍ കിച്ച സുദീപ്

ചിത്ര ദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ദര്‍ശന്‍ പിടിയിലായത്.
'കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി കിട്ടണം'; ദര്‍ശന്‍റെ അറസ്റ്റില്‍ കിച്ച സുദീപ്
Published on

കന്നട സിനിമാതാരം ദര്‍ശന്‍ തൂഗുദീപ കൊലപാതക കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ കിച്ച സുദീപ. ചിത്ര ദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ദര്‍ശന്‍ പിടിയിലായത്. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ഭാര്യയ്ക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്ന് കിച്ച സുദീപ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സിനിമാ മേഖലയെ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നും കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ അതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുദീപ് പ്രതികരിച്ചു. ദര്‍ശന്‍റെ പേര് എടുത്ത് പറയാതെയായിരുന്നു സുദീപിന്‍റെ പ്രതികരണം.

" കേസിന്‍റെ വിവരം അറിയാൻ ഞങ്ങള്‍ പോലീസ് സ്റ്റേഷനിൽ പോകാത്തതിനാൽ മാധ്യമങ്ങൾ കാണിക്കുന്നതിനെക്കുറിച്ച് മാത്രമേ ഞങ്ങൾക്ക് അറിയൂ, സത്യം പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങളും പോലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിൽ സംശയമില്ല."-സുദീപ് പറഞ്ഞു. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു സുദീപും ദർശനും. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം ഇല്ലാതായി എന്നാണ് കന്നട സിനിമമേഖലയില്‍ പ്രചരിക്കുന്ന വിവരം.

ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ ദർശൻ ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ദർശനും സുഹൃത്ത് പവിത്രയുമടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പവിത്രയാണ് രേണുകസ്വാമിയെ ശിക്ഷിക്കാൻ ദർശനെ നിർബന്ധിച്ചതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു സുമനഹള്ളി പാലത്തിലെ ഓടയിൽ നിന്നാണ് രേണുക സ്വാമിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com