
ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം. അപേക്ഷ കോടതി നാളെ പരിഗണിക്കും.
കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അപേക്ഷ നൽകിയത്. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് പൊലീസിന്‍റെ വിചിത്ര നടപടി.
കഴിഞ്ഞവര്‍ഷം നവംബര്‍ 27 നാണ് ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ പ്രതികള്‍ ഇവരുടെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് 10 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മാധ്യമങ്ങളിലൂടെയും മറ്റും വ്യാപക ജനശ്രദ്ധ കേസിന് കൈവന്നു. ശേഷം പോലീസ് ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചതോടെ പ്രതികള്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ കേസിൽ ചാത്തന്നൂർ സ്വദേശികളായ മൂന്ന് പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ വന്ന വാഹനത്തിൽ നാല് പേരെ കണ്ടതായി കുട്ടിയുടെ സഹോദരൻ മൊഴി നൽകിയിരുന്നു. എന്നാൽ കേസന്വേഷണം നീണ്ടത് മൂന്ന് പേരിലേക്ക് മാത്രമാണ്.
എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ, കുട്ടിയുടെ പിതാവ് പുതിയ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കുട്ടി പറഞ്ഞ നാല് പേരിൽ ഒരാളെക്കുറിച്ച് കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നായിരുന്നു ആരോപണം. ഇതേ തുടർന്നാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.