
ജന്മം നല്‍കിയവരെപ്പോലും നിസ്സാരമായി കൊന്നു തള്ളുന്ന വാര്‍ത്തകളാണ് ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം കിളിമാനൂരില്‍ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ ഹരികുമാറിന്റെതാണ് ഈ പട്ടികയില്‍ മറ്റൊന്ന്. അച്ഛനെ കൊന്നിട്ടും ഒരുതരി കുറ്റബോധമില്ലാത്ത മകന്‍ ആദിത്യ കൃഷ്ണന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ന്യൂസ് മലയാളം പരമ്പര കൊന്ന് തള്ളുന്ന രാസലഹരി
തലസ്ഥാനത്തെ കിളിമാനൂരില്‍ പൊരുന്തമണ്‍ എന്ന ഗ്രാമം. ഉടയവന്‍കാവ് ക്ഷേത്രത്തിനരികിലാണ് 52 കാരന്‍ ഹരികുമാറും കുടുംബവും താമസം. ഏറെ വര്‍ഷത്തെ വിദേശത്തെ തൊഴില്‍ അവസാനിപ്പിച്ച് ഹരികുമാര്‍ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിഞ്ഞു. മകന്റെ ആഗ്രഹപ്രകാരം ബാംഗ്ലൂരില്‍ ഏവിയേഷന്‍ പഠിക്കാന്‍ വിട്ടെങ്കിലും പൂര്‍ത്തിയാക്കാതെ 24 കാരന്‍ ആദിത്യ കൃഷ്ണ തിരിച്ചെത്തി. അവിടം മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.
2025 ജനുവരി 15... വീട്ടില്‍നിന്ന് വെള്ളമോ ആഹാരമോ പോലും കഴിക്കാന്‍ കൂട്ടാക്കാത്ത ആദിത്യ, തനിക്കു മട്ടന്‍ കറി വേണമെന്ന് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടത് നല്‍കിയില്ലെങ്കില്‍ അവന്‍ അക്രമാസക്തനാകും. അച്ഛന്‍ ഹരികുമാര്‍ അത് വാങ്ങി നല്‍കി. വൈകിട്ടോടെ അവന്റെ ആവശ്യം മറ്റൊന്നായി, 300 രൂപ വേണം. വേണമെങ്കില്‍ ജോലിക്ക് പോയി സമ്പാദിക്കെടായെന്ന് അച്ഛന്റെ മറുപടി. അവന്റെ സമനില തെറ്റി. ചാടിയെഴുന്നേറ്റ ആദിത്യ ഹരികുമാറിന്റെ മൂക്കിടിച്ചു പൊട്ടിച്ചു. കണ്ണിടിച്ചു കലക്കി. ചവിട്ടി താഴെയിട്ടു.
ചോരയൊലിപ്പിച്ച് നിന്ന ഹരികുമാര്‍ മരുമകനെ വിളിച്ചുവരുത്തി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോയി. മകനെ രക്ഷിക്കാനായി ബൈക്കപകടത്തില്‍ പരിക്കേറ്റുവെന്ന് ഡോക്ടറെ തെറ്റിദ്ധരിപ്പിച്ചു. ഗുരുതര പരിക്കായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഹരികുമാര്‍ പോയത് തിരികെ വീട്ടിലേക്ക്. രാത്രി നില വഷളായതോടെ മെഡിക്കല്‍ കോളേജ് ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 5 ദിവസം മരണം മുഖാമുഖം കണ്ട് ഇരുപതാം തീയതി മകന്റെ മര്‍ദ്ദനമേറ്റ ഹരികുമാര്‍ മരണത്തിന് കീഴടങ്ങി.
വാഹനാപകടത്തില്‍ പരിക്കേറ്റാണ് മരണമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ ഹരികുമാറിന്റെ മകളുടെ ഭര്‍ത്താവ് കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു, അപകടമല്ല മകന്‍ കൊന്നതാണ്.