റിപ്പബ്ലിക് ദിന ചടങ്ങുകള്‍ കാണാന്‍ കേരളത്തില്‍ നിന്നൊരു രാജാവും; അറിയാം രാമന്‍ രാജമന്നാനെ കുറിച്ച്

കേരളത്തിലെ മുന്നൂറിലധികം വരുന്ന മന്നാന്‍ കുടുംബങ്ങളുടെ തലവനാണ് രാമന്‍ രാജമന്നാന്‍.
റിപ്പബ്ലിക് ദിന ചടങ്ങുകള്‍ കാണാന്‍ കേരളത്തില്‍ നിന്നൊരു രാജാവും; അറിയാം രാമന്‍ രാജമന്നാനെ കുറിച്ച്
Published on
Updated on

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ ചടങ്ങുകള്‍ വീക്ഷിക്കാന്‍ കേരളത്തില്‍ നിന്നൊരു രാജാവും എത്തിയിട്ടുണ്ട്. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയില്‍ നിന്നുള്ള മന്നാന്‍ സമുദായ രാജാവ് രാമന്‍ രാജമന്നാനാണ് എത്തിയത്. ഒപ്പം ഭാര്യ ബിനുമോളും ഉണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്ര സമൂഹങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാമന്‍ രാജമന്നാന്‍. ചടങ്ങുകള്‍ വീക്ഷിക്കാന്‍ രാജമന്നാനും ഭാര്യയും ബുധനാഴ്ച തന്നെ ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി 2 ന് മടങ്ങിയെത്തും.

ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജവംശം

ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജവംശമാണ് മന്നാന്‍. ഇന്ത്യയില്‍ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നും ഇതു തന്നെ. കേരളത്തിലെ 48 ഉന്നതികളിലായി മുന്നൂറിലധികം വരുന്ന മന്നാന്‍ കുടുംബങ്ങളുടെ തലവനാണ് രാമന്‍ രാജമന്നാന്‍. മന്നാന്‍ വിഭാഗത്തിന്റെ ആചാര അനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. സേവകരായി രണ്ട് മന്ത്രിമാരും ഭടന്മാരും കൂടെയുണ്ടാകും.

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവില്‍മലയിലാണ് രാജ തലസ്ഥാനം. രാജാവിനെ തിരഞ്ഞെടുക്കുന്നതിനും പ്രത്യേക രീതികളുണ്ട്. ഇളയരാജാവ്, നാലു മന്നാന്‍, ഒന്‍പത് കാണിമാര്‍, അഞ്ചു വാത്തി, തറവാട്ടിലെ നാലു കാരണവന്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണു സമുദായത്തിലെ പുതിയ രാജാവിനെ തിരഞ്ഞെടുക്കുക. പുതിയ രാജാവിനെ കാണിമാരില്‍ മൂപ്പന്‍ കിരീടമണിയിക്കും.

ആരാണ് രാമന്‍ രാജമന്നാന്‍?

രാജാവായിരുന്ന അരിയാന്‍ രാജമന്നാന്റെ മരണത്തെ തുടര്‍ന്ന് 2012 മാര്‍ച്ച് 4-നാണ് രാമന്‍ രാജമന്നാനെ രാജാവായി തെരഞ്ഞെടുത്തത്. എന്‍. ബിനു എന്നാണ് യഥാര്‍ഥ നാമം. സമുദായത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസയോഗ്യതയും ഇദ്ദേഹത്തിനാണ്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ബിനു തേക്കടി പെരിയാര്‍ ഫൗണ്ടേഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. മന്നാന്‍ സമുദായത്തിലെ പതിനേഴാമത്തെ രാജാവാണ് ഇദ്ദേഹം.

മന്നാന്‍ സമുദായത്തിന്റെ ചരിത്രം

തമിഴ് സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് മന്നാന്‍ സമുദായത്തിന്റെ ചരിത്രം. പാണ്ഡ്യ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് ഇന്നത്തെ തമിഴ്നാട്ടില്‍ നിന്ന് പാലായനം ചെയ്ത നിരവധി ഗോത്രങ്ങളില്‍ ഒന്നാണ് മന്നാന്‍ സമുദായത്തിന്റെ പൂര്‍വികള്‍ എന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ ചാലക്കുടി, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും തമിഴ്‌നാട്ടിലെ മധുരയിലുമാണ് മന്നാന്‍ സമുദായക്കാര്‍ താമസിക്കുന്നത്. മന്നാന്‍ കോട്ടയില്‍ ഇന്നും അവര്‍ക്ക് ചില അവകാശങ്ങളുണ്ട്.

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ ഊരാളിമാരാണ് മലകളെ വിളിച്ച് ചൊല്ലുന്നത്. ഇവിടെ ഊരാളിമാരാണ് പൂജകള്‍ അര്‍പ്പിക്കുന്നത്. ദ്രാവിഡ കലകളായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടംകളി, മന്നാന്‍കൂത്ത് എന്നിവ നടക്കുന്ന കാവ് ആണ് കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com