അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഒന്നാം പ്രതി കിരണിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തു

വ്യക്തിവൈരാഗ്യമാണ് അമ്മയുടെ സുഹൃത്തായ ദിനേശിനെ കൊലപ്പെടുത്താൻ കിരണിനെ പ്രേരിപ്പിച്ചത്
അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഒന്നാം പ്രതി കിരണിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തു
Published on


ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ പ്രതിയായ കിരണിന്റെ അച്ഛനേയും അമ്മയെയും പ്രതിചേർത്തു. പിതാവ് കുഞ്ഞുമോൻ മാതാവ് അശ്വതി എന്നിവർ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചതിലും കൊലപാതക വിവരം മറച്ചുവച്ചതിലുമാണ് കേസെടുത്തിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് അമ്മയുടെ സുഹൃത്തായ ദിനേശിനെ കൊലപ്പെടുത്താൻ കിരണിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയോടെയാണ് ദിനേശനെ വീടിനടുത്തുള്ള പുന്നപ്ര വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മദ്യപിച്ച് കിടക്കുന്നതായായാണ് നാട്ടുകാ‍ർ ആദ്യം കരുതിയത്. പിന്നീടാണ് സംശയം തോന്നിയ നാട്ടുകാ‍ർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ദിനേശൻ മരിച്ചു എന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം ​ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിക്കുകയും പോസ്റ്റുമോ‍ർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ദിനേശൻ്റെ മൃതദേഹം സംസ്കരിച്ചത്.

ഒറ്റപ്പെട്ട മേഖലയിൽ മൃതദേഹം കണ്ടെത്തിയതോടെ ആദ്യം തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. തുട‍ർന്ന് ഇന്നലെ വൈകീട്ടോടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഇതൊരു കൊലപാതകം ആണെന്ന നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ഇലക്ട്രിക് ഷോക്കേറ്റാണ് ദിനേശൻ കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തി. തുട‍ർന്ന് ദിനേശൻ്റെ അയൽവാസിയായ കിരണിലേക്ക് അന്വേഷണം നീളുകയായിരുന്നു. പിന്നീടാണ് കിരണിൻ്റെ അമ്മയുമായി ദിനേശന് സുഹൃദ് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംശയം പൂ‍ർത്തീകരിച്ചത്. പിന്നാലെ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.


കിരൺ ഇലക്ട്രിക് ജോലികൾ ചെയ്യുന്ന ആളാണ്. വെള്ളിയാഴ്ച കിരണിൻ്റെ വീട്ടിലേക്ക് അമ്മയെ കാണാൻ എത്തിയപ്പോൾ കെണി വെച്ച് ഷോക്കടിപ്പിച്ച് കൊല്ലാനായിരുന്നു കിരണിൻ്റെ പദ്ധതി. കിരൺ ഇലക്ട്രിക് വയറുകൾ ഉപയോ​ഗിച്ച് കെണി ഒരുക്കുകയും അതിൽ ദിനേശൻ പെടുകയുമായിരുന്നു. ആദ്യം ഷോക്കടിപ്പിച്ച് അവിടെ വീണ ദിനേശനെ, വീണ്ടും ഷോക്കടിപ്പിച്ചാണ് കിരൺ കൊലപ്പെടുത്തിയത്. തുട‍ർന്ന് ദിനേശിൻ്റെ മൃതദേഹം കിരൺ തന്നെ അടുത്തുള്ള വയലിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ദിനേശിൻ്റെ മരണം കിരണിൻ്റെ പിതാവും മാതാവും അറിഞ്ഞിരുന്നെങ്കിലും ഇവ‍ർ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് കിരൺ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com