ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നവരല്ല ഇടതുപക്ഷം; സാമ്പത്തിക പ്രതിസന്ധി മറികടക്കുമ്പോള്‍ തുക വര്‍ധിപ്പിക്കും: കെ.കെ. ശൈലജ

''ആരോഗ്യ വകുപ്പ് ഇന്‍സെന്റീവ് ആയി 3000 അധികം നല്‍കി. എന്നാല്‍ കേന്ദ്ര അലവന്‍സ് കൃത്യമായി ലഭിക്കാറില്ല''
ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നവരല്ല ഇടതുപക്ഷം; സാമ്പത്തിക പ്രതിസന്ധി മറികടക്കുമ്പോള്‍ തുക വര്‍ധിപ്പിക്കും: കെ.കെ. ശൈലജ
Published on


ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കെ.കെ. ശൈലജ എംഎല്‍എ. ഇത് കേന്ദ്രം തുടങ്ങിയ പദ്ധതിയാണ്. യുഡിഎഫ് കാലത്ത് 500 രൂപ ഓണറേറിയമെന്നതില്‍ വര്‍ധനവൊന്നും ഉണ്ടായിട്ടില്ലെന്നും കെകെ ശൈലജ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 7500 ആയി വര്‍ധിപ്പിച്ചത് ഇടത് സര്‍ക്കാരാണ്. ആരോഗ്യ വകുപ്പ് ഇന്‍സെന്റീവ് ആയി 3000 അധികം നല്‍കി. എന്നാല്‍ കേന്ദ്ര അലവന്‍സ് കൃത്യമായി ലഭിക്കാറില്ലെന്നും കെ.കെ. ശൈലജ പറയുന്നു.

സര്‍ക്കാര്‍ പരമാവധി തുക വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുമ്പോള്‍ ഇനിയും തുക വര്‍ധിപ്പിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആശ വര്‍ക്കര്‍മാരുടെ വിഷയം ഇന്ന് സഭയില്‍ ചര്‍ച്ചയായി. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നല്‍കിയില്ല. ഓണറേറിയം മൂന്ന് മാസം മുടങ്ങിയതു കൊണ്ടാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിലേക്ക് ഇറങ്ങിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു.

പ്രതിദിന കൂലി 700 രൂപ ആക്കുമെന്ന് ഇടതുമുന്നണി പറഞ്ഞതല്ലേ. ബക്കറ്റ് പിരിവ് എന്ന് മുതലാണ് സര്‍ക്കാരിന് അയിത്തമായി തുടങ്ങിയത്. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പോലും അവരെ കണ്ട് സംസാരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മഴ കൊള്ളാതിരിക്കാന്‍ കെട്ടിയ ടാര്‍പോളീന്‍ പോലും മിസ്റ്റര്‍ ചീഫ് മിനിസ്റ്ററുടെ ആളുകള്‍ വലിച്ചു പറിച്ചു കളഞ്ഞില്ലേ? മിനിമം കൂലി കൂട്ടേണ്ടത് കേന്ദ്രമാണെങ്കില്‍ 2014ല്‍ സിഐടിയു സെക്രട്ടറി എളമരം കരീം ശമ്പളം 10,000 രൂപ ആക്കണമെന്ന് നിയമസഭയില്‍ പറഞ്ഞത് എന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

2018ന് ശേഷം ആശമാര്‍ മറ്റു ജോലിക്ക് പോകുന്നതും തടഞ്ഞു. മറ്റു ജോലിക്കൊപ്പം മന്ത്രിമാരുടെ പ്രസംഗത്തിന് കൈയ്യടിക്കാനും പോണം. ഇവരുടെ പ്രസംഗം കേട്ട് കൈയ്യടിക്കുന്നവര്‍ക്ക് 233 രൂപ മതിയോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

700 രൂപ കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ പൈസയില്ല. പിഎസ്‌സി അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. കേന്ദ്രത്തില്‍ നിന്ന് 98 ലക്ഷം രൂപ വാങ്ങിയെടുക്കാന്‍ കഴിവില്ലാത്ത കെവി തോമസിന് ലക്ഷങ്ങള്‍ നല്‍കുന്നു. സര്‍ക്കാരിന് ഫാള്‍സ് ഈഗോയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com