കെ കെ ശൈലജയുടെ പരാജയം: ജനങ്ങള്‍ ഭാവി മുഖ്യമന്ത്രിയായി കാണുന്നതുകൊണ്ടെന്ന് പി. ജയരാജന്‍

ഭൂരിപക്ഷ-ന്യൂനപക്ഷ-പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ചോർന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റയുടെ വിലയിരുത്തൽ
കെ കെ ശൈലജയുടെ പരാജയം: ജനങ്ങള്‍ ഭാവി മുഖ്യമന്ത്രിയായി കാണുന്നതുകൊണ്ടെന്ന് പി. ജയരാജന്‍
Published on

മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭാവിയിൽ അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് കെ കെ ശൈലജ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന് സിപിഎം നേതാവ് പി ജയരാജൻ. കെ കെ ശൈലജയെ ജനങ്ങൾ ഭാവി മുഖ്യമന്ത്രിയായി കാണുന്നതുകൊണ്ടാണ് അവർ പരാജയപ്പെട്ടതെന്നായിരുന്നു ജയരാജൻ്റെ വിശദീകരണം. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് വടകര മണ്ഡലത്തിലെ ശൈലജയുടെ തോൽവിയെ പറ്റി പരാമർശിച്ചത്. 

സാമ്പത്തിക ബുദ്ധിമുട്ടും ധനകാര്യ നേതൃത്വത്തിലുണ്ടായ പിശകുമാണ് തോൽവിക്ക് കാരണമെന്ന ആക്ഷേപം സംസഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. അത് തന്നെ ലക്ഷ്യമിട്ടാണെന്നും, തന്നെ വിശ്വാസമില്ലെങ്കിൽ സ്ഥാനം രാജി വെക്കാൻ സന്നദ്ധനാണെന്നും ധനമന്ത്രി പാർട്ടി സെക്രട്ടേറിയറ്റിൽ അറിയിച്ചതായി സൂചനയുണ്ട്. എന്നാൽ, മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചതായി റിപ്പോർട്ടുകളില്ല.

ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ചോർന്നുവെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റയുടെ വിലയിരുത്തൽ. പൗരത്വ നിയഭേദഗതിയിൽ ഊന്നിയുള്ള പാർട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നും, മുസ്ലിം ജനവിഭാഗത്തെ കൂടെ നിർത്താനായി കൊണ്ടുവന്ന പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ട് പ്രയോജനമുണ്ടായത് കോൺഗ്രസിന് മാത്രമാണെന്നുമാണ് പാർട്ടിയുടെ നിഗമനം.

ഈ തെരഞ്ഞെടുപ്പിൽ ഈഴവ വിഭാഗങ്ങളിലേക്ക് മാത്രമല്ല പിന്നാക്ക വോട്ട് ബാങ്കിലേക്കും ബി ജെ പി കയറിയെന്നാണ് നിഗമനം. ആനുകൂല്യങ്ങൾ നിഷേധിക്കുകയും ലൈഫ് പദ്ധതിയും മറ്റു നീണ്ടു പോകുന്നതും പിന്നാക്ക - പട്ടികജാതി വിഭാഗങ്ങളെ എൽഡിഎഫ് സർക്കാരിൽ നിന്നും അകറ്റിയെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com