IPL 2025 | ഇന്ത്യാ-പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കുമോ? വ്യക്തത വരുത്തി ബിസിസിഐ

അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങളാണ് ഐപിഎല്ലിൽ നടക്കാനിരിക്കുന്നത്
IPL 2025 | ഇന്ത്യാ-പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കുമോ? വ്യക്തത വരുത്തി ബിസിസിഐ
Published on

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ തുടരുന്ന കാര്യത്തിൽ വ്യക്തത വരുത്തി ബസിസിഐ. നിലവിൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം മെയ് 25 വരെ ഐപിഎൽ മത്സരങ്ങൾ സാധാരണപോലെ തുടരുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് അതീവ സുരക്ഷാ സാഹചര്യം നിലനിൽക്കുന്നതിനാല്‍ സാധാരണക്കാരും വിവിഐപികളും പങ്കെടുക്കുന്ന ഐപിഎല്ലിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ആശങ്കൾ ഉയർന്നിരുന്നു.



അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങളാണ് ഐപിഎല്ലിൽ നടക്കാനിരിക്കുന്നത്. ഐ‌പി‌എൽ സാധാരണഗതിയിൽ നടക്കുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് എഎൻഐ റിപ്പോർട്ട്. ബിസിസിഐ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ബസിസിഐയുടെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ബിസിസിഐ സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ബിസിസിഐ സർക്കാരിനും രാജ്യത്തിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അരുൺ അറിയിച്ചു. ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് വിദേശ കളിക്കാരോ കമന്റേറ്റർമാരോ ആശങ്ക പ്രകടിപ്പിച്ചിട്ടില്ലെന്നും ഐ‌പി‌എൽ ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്നും ഇന്ത്യൻ മുൻ താരം സുനിൽ ഗവാസ്‌കറും ആത്മവിശ്വാസം പ്രകടിപ്പിച്ചതായാണ് ഇന്ത്യാ ടുഡേ റിപ്പോ‍ർട്ട്.

ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാൽ നിരവധി കാരണങ്ങളാൽ‌ മുൻപ് മത്സരങ്ങൾ ഉപേക്ഷിക്കുകയോ, വേദികളിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നുവരെ പൂർണമായി ലീ​ഗ് റദ്ദാക്കിയിട്ടില്ല. 2009ലാണ് ആദ്യമായി ഇന്ത്യക്ക് പുറത്ത് ഐപിഎൽ നടന്നത്. സുരക്ഷാ വിഭാ​ഗങ്ങളിൽ ഭൂരിഭാഗവും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ദക്ഷിണാഫ്രിക്കയിലാണ് അന്ന് മത്സരങ്ങൾ സംഘടിപ്പിച്ചത്. ‌പിന്നീട് 2014 സീസണിൽ, സമാനമായ രീതിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാരണം ഏപ്രിൽ 16 മുതൽ ഏപ്രിൽ 30 വരെയുള്ള മത്സരങ്ങൾ യുഎഇയിൽ നടന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം, മെയ് രണ്ട് മുതൽ, ഐപിഎൽ വീണ്ടും ഇന്ത്യയിൽ പുനഃരാരംഭിക്കുകയായിരുന്നു.

2020 ൽ കോവിഡ്-19 ആണ് ഐപിഎല്ലിന് പ്രതിസന്ധി തീർത്തത്. മാർച്ചിൽ നടന്നുകൊണ്ടിരുന്ന ഐപിഎൽ സെപ്റ്റംബറിലാണ് ആ സീസണില്‍ നടത്തിയത്. കോവിഡ് സാഹചര്യം കാരണം യുഎഇയിലാണ് മത്സരങ്ങൾ നടന്നത്. 2021ൽ ഏപ്രിൽ ഒൻപതിന് ആരംഭിച്ച ടൂർണമെന്റ് ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നീ നാല് വേദികളിൽ മാത്രമാണ് സംഘടിപ്പിച്ചത്. എന്നാൽ മെയ് രണ്ടിന് ശേഷം മത്സരങ്ങൾ വീണ്ടും യുഎഇയിലേക്ക് മാറ്റി. 2022ൽ, ഇന്ത്യയി‌ലാണ് ടൂർണമെന്റുകൾ നടന്നത്. എന്നാൽ മുംബൈ, പൂനെ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ നാല് വേദികളിൽ മാത്രമാണ് ടൂർണമെന്റ് നടന്നത്. 2023ന് ശേഷം ഇന്ത്യയിൽ തന്നെയാണ് മത്സരങ്ങൾ സംഘിടിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com