
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം അടിയന്തര പ്രമേയമായി സഭയിലുന്നയിച്ച് പ്രതിപക്ഷം. ഇരയ്ക്കൊപ്പം നിൽക്കുന്നു എന്ന് പറയുന്ന സർക്കാർ വേട്ടക്കാര്‍ക്കൊപ്പം കിതക്കുന്നുവെന്ന് കെ കെ രമ കുറ്റപ്പെടുത്തി. സർക്കാർ വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട മറുപടി വീണാ ജോർജ് നൽകിയത് ഇതിന് തെളിവെന്നും രമ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരായ പ്രശ്നങ്ങൾ കൂടിവരുന്നത് സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി സഭയിലെത്താത്തതെന്ന് രമ പറഞ്ഞു. അരൂരിലെ ദളിത് പെൺകുട്ടിക്കു നേരെ നടന്ന അതിക്രമത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഎമ്മുകാരനായതുകൊണ്ടാണ്. പ്രതികൾ പാർട്ടിക്കാരനാണെങ്കിൽ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയുടെ സംരക്ഷണയിൽ ഇരുന്ന മെമ്മറികാർഡിലെ വിവരങ്ങൾ പുറത്തു പോകുന്ന നാടായി കേരളം മാറിയെന്നും രമ പറഞ്ഞു. അന്വേഷണം പൂർത്തിയായി നാലു വർഷമായിട്ടും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. വണ്ടിപ്പെരിയാറിലും വാളയാറിലും ഇരകൾക്ക് നീതി കിട്ടിയില്ലെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.
അതേസമയം, ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയത് മന്ത്രി വീണാ വിജയനായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണാ ജോർജിനായതുകൊണ്ടാണ് മറുപടി നൽകാൻ മന്ത്രിയെ ചുമതലപ്പെടുത്തിയതെന്നാണ് ഭരണപക്ഷത്തിൻ്റെ വീശദികരണം. ഇത്തരം വിഷയങ്ങളിൽ പ്രതികളെ സംരക്ഷിക്കില്ലെന്ന ഒരു നിലപാടേ സർക്കാരിനുള്ളൂവെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി. ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.