
അഡ്വ. ഹാരിസ് ബീരാന്റെ രാജ്യസഭ എംപി സ്ഥാനം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു. സംസ്ഥാന നേതൃയോഗത്തിന് ശേഷം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ലീഗിലെ ഒരു വിഭാഗം ഹാരിസ് ബീരാന്റെ നിയമനത്തില്‍ അതൃപ്തരാണ്.
കഴിഞ്ഞദിവസം കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തില്‍ ഹാരിസ് ബീരാന് സ്വീകരണം നല്‍കിയിരുന്നു. ഈ ചടങ്ങില്‍ നിന്ന് കെ.എം. ഷാജി, പി.കെ. ഫിറോസ് തുടങ്ങിയ ലീഗ് നേതാക്കള്‍ വിട്ടുനിന്നത് ചര്‍ച്ചക്കിടയാക്കി. മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ തീരുമാനത്തെ എതിര്‍ത്താണ് സാദിഖലി ശിഹാബ് തങ്ങള്‍ ഹാരിസിനെ രാജ്യസഭാ എംപി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ഇതേതുടര്‍ന്നാണ് ഹാരിസിന് കോഴിക്കോട് ഒരുക്കിയ സ്വീകരണചടങ്ങില്‍ നിന്നും മുസ്ലീംലീഗിലെ ഒരു വിഭാഗം വിട്ടുനിന്നത്. അതേസമയം, എറണാകുളത്ത് സ്വീകരണം നല്‍കാതിരുന്നത് ജില്ലയിലെ സംഘടനാ സംവിധാനത്തിന്റെ പ്രശ്‌നങ്ങള്‍ മൂലമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ന്യൂസ് മലയാളത്തോട് പറഞ്ഞു.