'അന്‍വറിന്‍റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല'; യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്ന് കെ.എം. ഷാജി

മരുമകൻ്റെ പ്രതികരണമായി മാത്രമേ റിയാസിന്‍റെ പ്രതികരണത്തെ കാണാൻ കഴിയൂവെന്നും കെ.എം. ഷാജി പ്രതികരിച്ചു
'അന്‍വറിന്‍റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല'; യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്ന് കെ.എം. ഷാജി
Published on

പി.വി. അൻവറിന്‍റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി.  അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. അൻവർ ധീരമായ പോരാട്ടമാണ് നടത്തുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. അൻവർ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും ഷാജി വ്യക്തമാക്കി. 

അൻവർ ധീരമായ നിലപാടാണെടുത്തത്. അൻവർ അഴിമതിക്കാരനാണ് എന്ന് പറഞ്ഞിട്ടില്ല.  മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ കേരളത്തിലെ ഒരു മന്ത്രിയും പ്രതികരിച്ചിട്ടില്ല. മരുമകൻ്റെ പ്രതികരണമായി മാത്രമേ റിയാസിന്‍റെ പ്രതികരണത്തെ കാണാൻ കഴിയൂവെന്നും കെ.എം. ഷാജി പ്രതികരിച്ചു.

"പുറത്ത് വന്ന ആരോപണങ്ങളിൽ ഓഫീസോ ശശിയോ അജിത് കുമാറോ അല്ല യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. ശിവശങ്കറായിരുന്നു ആദ്യ കൂട്ടാളി. പിന്നീട് സുജിത് ദാസ്, അജിത് കുമാർ , ശശി എന്നിവരായി. എഡിജിപിയെ മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല. മാറ്റേണ്ടത് മുഖ്യമന്ത്രിയെയാണ് മാറേണ്ടത് മുഖ്യമന്ത്രിയാണ്", കെ.എം. ഷാജി പറഞ്ഞു.

എഡിജിപി-വത്സൻ തില്ലങ്കേരി കൂടിക്കാഴ്ചയിലും കെ.എം. ഷാജി പ്രതികരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കെ.എം. ഷാജി ആരോപിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

അതേസമയം, പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപങ്ങളെ ഗൗരവത്തോടെ സമീപിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ അന്‍വറിന് പലരീതിയില്‍ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അൻവർ പുതിയ പാർട്ടി ഉണ്ടാക്കിയാല്‍ അതിനെയും നേരിടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com