
അന്‍വറിന്‍റെ ആരോപണങ്ങള്‍ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അൻവർ എടുക്കുന്ന നിലപാടുകൾ എൽഡിഎഫിന് അനുകൂലമല്ല. ഏത് പ്രശ്നവും ആർക്കും ഉന്നയിക്കാം. എന്നാൽ ഞാൻ ഉദ്ദേശിക്കുന്നത് മാത്രമാണ് ശരിയെന്ന് ധരിക്കരുതെന്നും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അൻവറിനെ പാടെ തള്ളിക്കൊണ്ടാണ് ഭരണപക്ഷ നേതാക്കൾ രംഗത്തെത്തിയത്. അൻവറിൻ്റെ ആരോപണം ദുരുദ്ദേശത്തോടെയാണെന്നും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ മനസിലാക്കാതെ എഡിജിപി എഴുതി നൽകിയ വാറോലയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും അൻവർ തിരിച്ചടിച്ചിരുന്നു. തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.
അതേസമയം, പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ തന്നെ ഭരണപക്ഷ എംഎൽഎ കൂടി ഉന്നയിച്ചതോടെ, പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചു. എഡിജിപിക്കെതിരായ അന്വേഷണം പ്രഹസനമാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണം എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്നും സതീശൻ ചോദിച്ചു. അൻവറിന് വ്യക്തിപരമായ പിന്തുണ നൽകുന്നത് പാർട്ടി ആലോചിച്ചിട്ടില്ലെന്നും സാഹചര്യം വന്നാൽ ആലോചിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.