KFC അഴിമതി ആരോപണത്തിൽ ധനമന്ത്രിയോ മുൻ ധനമന്ത്രിയോ മറുപടി പറഞ്ഞില്ല, പെരിയ കേസിൽ സിപിഎമ്മിൻ്റേത് ഹീനമായ സന്ദേശം: പ്രതിപക്ഷ നേതാവ്

ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ച ഫിക്സഡ് ഡിപ്പോസിറ്റാണ് മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയിൽ കൊണ്ടുപോയി നിക്ഷേപിച്ചതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു
KFC അഴിമതി ആരോപണത്തിൽ ധനമന്ത്രിയോ മുൻ ധനമന്ത്രിയോ മറുപടി പറഞ്ഞില്ല, പെരിയ കേസിൽ സിപിഎമ്മിൻ്റേത് ഹീനമായ സന്ദേശം: പ്രതിപക്ഷ നേതാവ്
Published on

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരായ നിക്ഷേപ അഴിമതി ആരോപണത്തിൽ ധനമന്ത്രിയോ, മുൻ ധനമന്ത്രിയോ മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎഫ്സിയുടെ മറുപടിയിലുള്ളത് തെറ്റായ കാര്യങ്ങളാണ്. നിക്ഷേപത്തിന് മുമ്പ് ഏജൻസികളുടെ മുന്നറിയിപ്പ് കെഎഫ്സി മുഖവിലയ്ക്കെടുത്തില്ല. സെബിയുടെയും ആർബിഐയുടേയും അംഗീകാരമില്ലാത്ത കമ്പനിയിലാണ് നിക്ഷേപിച്ചത്. ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ച ഫിക്സഡ് ഡിപ്പോസിറ്റാണ് മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയിൽ കൊണ്ടുപോയി നിക്ഷേപിച്ചതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

61 കോടിയാണ് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. പാർട്ടി ബന്ധുക്കൾ കമ്മീഷൻ വാങ്ങിയാണ് നിക്ഷേപം നടത്തിയത്. സർക്കാരിൻ്റെ അനുമതി പോലും വാങ്ങിയില്ല. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകും. കമ്പനിയോ സഹോദര സ്ഥാപനങ്ങളോ തകർന്നിട്ടില്ലെന്ന കെഎഫ്സിയുടെ വാദം തെറ്റാണ്. കരുതൽ ധനമാണ് കമ്പനിയിൽ കൊണ്ടുപോയി നിക്ഷേപിച്ചത്. പാർട്ടി ബന്ധുക്കളാണ് ഇടനില നിന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഡിസിസി പ്രസിഡൻ്റ് എൻ.എം. വിജയൻ്റെ ആത്മഹത്യയിൽ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റിനുമെതിരെ കേസ് എടുത്തതിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും വി.ഡി. സതീശൻ പറഞ്ഞു. പാർട്ടി അന്വേഷണം നടത്തുന്നുണ്ട്. അതിലെ കണ്ടെത്തൽ അനുസരിച്ചുള്ള നടപടി സ്വീകരിക്കും. പാർട്ടിക്ക് അന്വേഷണം നടത്തണമല്ലൊ. ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്. എന്നോട് വ്യക്തിപരമായി പരിചയം ഉള്ള ആളായിരുന്നു എൻ.എം. വിജയൻ. പക്ഷെ, ഈ വിഷയം ഇതുവരെ പറഞ്ഞിരുന്നില്ല. അധ്യക്ഷനും വിഷയത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. നേതാക്കൾ വഴി സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ട്. അത് ശരിയാണോ എന്ന അന്വേഷണമാണ് നടത്തുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

പി.വി. അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യുന്ന സമയത്ത് ശരിയും തെറ്റും നോക്കും. വ്യക്തികളെ കുറിച്ച് പറയുന്നത് ശരിയല്ലല്ലോയെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പെരിയ കേസിൽ സിപിഎം നൽകുന്ന സന്ദേശം എന്താണെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി തീവ്രവാദ സംഘടനയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വരുന്ന തലമുറയ്ക്ക് നൽകുന്ന ഏറ്റവും ഹീനമായ സന്ദേശമാണിത്. ഇതിൽ അവർ ദുഃഖിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com