
കഴിഞ്ഞ ദിവസം കൊച്ചി മാടവനയിൽ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗമെന്ന് പൊലീസ്. ബസ് ഡ്രൈവർ പാൽപാണ്ടി ബസ് അമിതവേഗത്തിൽ ഓടിച്ചത് മരണമുണ്ടാകുമെന്ന ഉറപ്പോടെയെന്നും പൊലീസ് അറിയിച്ചു. ഡ്രൈവർ ക്ഷീണിതനായിരുന്നു, സിഗ്നൽ കണ്ട് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചവിട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണം. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ പാൽപാണ്ടിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമാം വിധം വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
ബസിന്റെ പിൻവശത്തെ ഒരു ടയറിന് തെയ്മാനം ഉണ്ടായിരുന്നതും, മഴയും അപകടത്തിന്റെ ആക്കം കൂട്ടിയതായി മോട്ടോർ വാഹനവകുപ്പ് വിശദീകരിച്ചു. മോട്ടോർ വാഹന നിയമപ്രകാരം ബസിൽ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ, എറണാകുളം, എംവിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
അപകടത്തിൽ മരിച്ച വാഗമൺ ഉളുപ്പുണ്ണി സ്വദേശി ജിജോ സെബാസ്റ്റ്യന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച നടക്കും.