
കൊച്ചി കോർപ്പറേഷനിൽ കെട്ടിട നികുതി വരുമാനത്തിൽ മുൻ വർഷത്തേക്കാൾ കുറവ്. മൊത്തം നികുതി വരുമാനത്തിൽ വർദ്ധനവ് ഉണ്ടെങ്കിലും നികുതി പിരിവ് ഊർജിതമാക്കാനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോർപ്പറേഷൻ നികുതി പിരിവിൽ അനാസ്ഥയുണ്ടെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിമർശിച്ചിരുന്നു.
കെട്ടിട നികുതിയിനത്തിൽ 2022 - 23ൽ 122 കോടി രൂപയാണ് പിരിച്ചു കിട്ടിയത്. എന്നാൽ ഈ വർഷം അത് 121 കോടിയായി കുറഞ്ഞു. അതേ സമയം 2023–24 വർഷം മൊത്തം നികുതിയായി പിരിച്ചത് 173 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 10 കോടി രൂപയുടെ വർദ്ധനവാണ് മൊത്തം നികുതിയിൽ ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ചയാണ് വസ്തുനികുതി പിരിവ് ഊർജിതമാക്കണമെന്ന് കോർപ്പറേഷനോട് ഹൈക്കോടതി നിർദ്ദേശിച്ചത്. നിരവധി വാണിജ്യ സ്ഥാപനങ്ങൾ കൊച്ചിയിലുള്ളപ്പോൾ നിലവിൽ കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും കോർപറേഷനു ലഭിക്കേണ്ടതാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
മുൻസിപ്പൽ ചട്ടമനുസരിച്ച് ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ജൂൺ ആദ്യവാരം ആണ് വാർഷിക ധനകാര്യ പ്രസ്താവന പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ ഇപ്പോൾ ഓഗസ്റ്റ് പകുതി കഴിഞ്ഞിട്ടും കൊച്ചി കോർപ്പറേഷൻ ധനകാര്യ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതേസമയം, നികുതി കുടിശികയിൽ വരുന്ന സ്വാഭാവിക ഏറ്റക്കുറച്ചിലുകളാണ് നികുതി വരുമാനത്തിലെ വ്യത്യാസത്തിനു കാരണമെന്നാണ് കോർപ്പറേഷൻ വാദിക്കുന്നത്.