ലൈംഗിക പീഡനപരാതി: പി.കെ. ബേബിക്ക് സംരക്ഷണമൊരുക്കി കുസാറ്റ് സിൻഡിക്കേറ്റ്; പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

ബേബിക്കെതിരായ ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റിയുടെ അപൂർണമായ റിപ്പോർട്ട് കുസാറ്റ് സിൻഡിക്കറ്റ് അംഗീകരിച്ചു
ലൈംഗിക പീഡനപരാതി: പി.കെ. ബേബിക്ക് സംരക്ഷണമൊരുക്കി കുസാറ്റ് സിൻഡിക്കേറ്റ്; പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ
Published on

ലൈംഗികാരോപണവിധേയനായ പി.കെ. ബേബിക്ക് സംരക്ഷണമൊരുക്കി കൊച്ചിൻ സർവകലാശാല സിൻഡിക്കേറ്റ്. ബേബിക്കെതിരായ ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റിയുടെ അപൂർണമായ റിപ്പോർട്ട് കുസാറ്റ് സിൻഡിക്കറ്റ് അംഗീകരിച്ചു. ഇതോടെ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ഇടത് വലത് വിദ്യാർഥി സംഘടനകൾ അറിയിച്ചു.

കഴിഞ്ഞ മാർച്ചിലാണ്‌ കുസാറ്റ് സർവകലാശാല കലോത്സവത്തിനിടെ പി.കെ. ബേബി വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയരുന്നത്. തുടർന്ന് വിസിക്ക് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിക്ക് നിർദേശം നൽകി. കഴിഞ്ഞ മാസം 29നായിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഇത് വൈകുന്നുവെന്ന് ആരോപിച്ച് വിദ്യാർഥി സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോഗം ഐസിസി റിപ്പോർട്ട് പരിഗണിച്ചത്.

ബേബിയുടെയും പരാതിക്കാരിയുടെയും, ഇരുവരെ അനുകൂലിക്കുന്നവരുടെയും മൊഴികൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. ഡോ ആശാ ഗോപാലകൃഷ്ണൻ ചെയർപേഴ്സൺ ആയ കമ്മിറ്റിയുടെ കണ്ടെത്തലുകളും റിപ്പോർട്ടിലില്ല. ഇത്തരത്തിൽ പി.കെ. ബേബിക്ക് അനുകൂലമായ ICC റിപ്പോർട്ടിന് സിൻഡിക്കേറ്റ് അംഗീകാരം നൽകുകയും ചെയ്തു. കൂടാതെ, വിദ്യാർഥികളുടെ ഗ്രീവൻസുമായി ബന്ധപ്പെട്ട ഒരു സമിതിയിലും തന്നെ ഇനി ഉൾപ്പെടുത്തരുതെന്ന ബേബിയുടെ ആവശ്യവും സിൻഡിക്കേറ്റ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള അവധി അപേക്ഷയും അംഗീകരിച്ചു. ഇടതു സഹയാത്രികനായ ബേബിയെ വീണ്ടും സംരക്ഷിക്കുന്ന തരത്തിൽ സർവകലാശാല നടപടിയെടുത്തതോടെ കൂടുതൽ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് വിദ്യാർഥികൾ. പി.കെ. ബേബിക്കെതിരെ ശക്തമായ നടപടി വേണമെന്നും സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടർ സ്ഥാനത്തുനിന്നും സിൻഡിക്കേറ്റ് അംഗത്വത്തിൽനിന്നും പുറത്താക്കണം എന്നുമാണ് വിദ്യാർഥിസംഘടനകൾ ആവശ്യപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com