
കൊച്ചിയിലെ തേവര-കുണ്ടന്നൂർ പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടും അപാകതയുണ്ടെന്ന് പരാതി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഒരുപാട് തവണ പരാതി പറഞ്ഞതിന് ശേഷം, അറ്റകുറ്റപ്പണിയെന്ന പേരിൽ എന്തെങ്കിലും ചെയ്യുകയും മഴ പെയ്താൽ വീണ്ടും പഴയ പടിയിലാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറ്റകുറ്റപ്പണികൾക്കായി തേവര കുണ്ടന്നൂർ പാലം അടച്ചത്. എന്നാൽ അറ്റകുറ്റപണികൾക്ക് ശേഷം പാലം വീണ്ടും തുറന്നപ്പോൾ പഴയത് പോലെ തന്നെയായി. നിർമാണത്തിൽ അപാകത ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പിന്നാലെ യാത്രക്കാർക്ക് അരി വറുത്ത് നൽകി പ്രതിഷേധിക്കാൻ പൗര സമിതി നേരിട്ടിറങ്ങി.
ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതകളിലൊന്നായ 966 എ കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്. എറണാകുളം നഗരത്തെ വില്ലിംഗ്ടൺ ഐലൻ്റുമായി ബന്ധിപ്പിക്കുന്നത് 2 കിലോമീറ്ററോളം വരുന്ന ഈ പാതയാണ്. അതാണ് അധികൃതരുടെ അനാസ്ഥ മൂലം ഈ അവസ്ഥയിലായത്. പാലത്തിലൂടെയുള്ള ഗതാഗതത്തിൻ്റെ ഗൗരവം മനസിലാക്കാതെ അശാസ്ത്രീയമായാണ് കുഴികൾ മൂടിയതെന്നാണ് ആരോപണം.
നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നഗരസഭാ അധ്യക്ഷൻ ആൻ്റണി ആശാൻപറമ്പിൽ ഗതാഗത മന്ത്രിക്കും ആലുവ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അറ്റകുറ്റപണിയില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു.