
കൊച്ചി വാട്ടർ മെട്രോ സർവീസുകൾ വിപുലീകരിക്കാൻ തയ്യാറെടുത്ത് കെഎംആർഎൽ. രണ്ടു മാസത്തിനകം കടമക്കുടി-പാലിയംതുരുത്ത്, ഹൈക്കോടതി-മട്ടാഞ്ചേരി എന്നീ റൂട്ടുകളില്‍ പുതിയ വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനാണ് തീരുമാനം.
സർവീസ് ആരംഭിച്ചു മാസങ്ങൾക്കുള്ളിൽ തന്നെ വാട്ടർ മെട്രോ വൻ വിജയമായിരുന്നു. ലോക നിലവാരത്തിലുള്ള ബോട്ടുകളും, മികച്ച സേവനങ്ങളും നൽകിയതോടെ ടൂറിസത്തിനായും ആളുകൾ വാട്ടർ മെട്രോ സർവീസിനെത്തി. ഇതോടെ മാസങ്ങൾക്കുള്ളിൽ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് സൃഷ്ടിക്കാന്‍ വാട്ടർ മെട്രോയ്ക്ക് സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ റൂട്ടുകളിലെക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നത്.
ALSO READ: ഓണപ്പാട്ടിന്‍ താളം തുള്ളും മലയാളം
കൊച്ചിയുടെ വിനോദ സഞ്ചാര മേഖലകളിലേക്കാണ് പുതിയതായി സർവീസുകൾ ആരംഭിക്കുന്നത്. ഫോർട്ട് കൊച്ചി വഴി വൈപ്പിൻ-മട്ടാഞ്ചേരി സർവീസും വാട്ടർ മെട്രോയുടെ പരിഗണനയിലുണ്ട്. അന്താരാഷ്ട്ര ടൂറിസ്റ്റുകൾ ഉൾപ്പെടെയെത്തുന്ന മട്ടാഞ്ചേരിയിൽ വാട്ടർ മെട്രോ വരുന്നതോടെ ടൂറിസം മേഖലയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻ്റ് എന്നിവിടങ്ങളിലെ വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണം അവസാനഘട്ടത്തിലാണ്. ഇവിടങ്ങളിൽ വൈദ്യുതികരണ പ്രവൃത്തികൾ നടത്തേണ്ടതുണ്ട്. നവംബറോടെ സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഡ്രഡ്ജിങ് പ്രവൃത്തികളും നടത്തുന്നുണ്ട്.