കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും, തിരൂർ സതീശന്റെ രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും

കേസിൽ പുനരന്വേഷണം ആരംഭിച്ച പ്രത്യേക സംഘം നേരത്തെ പ്രാഥമികമായി സതീശിന്റെ മൊഴിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തുക.
കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും, തിരൂർ സതീശന്റെ രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും
Published on

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും. കേസിൽ പുനരന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ അപേക്ഷയെ തുടർന്നാണ് മൊഴി രേഖപ്പെടുത്തുക. കേസ് അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോയാൽ ബിജെപി നേതാക്കളിൽ പലരും പ്രതിയാകുമെന്നാണ് തിരൂർ സതീശ് ആവർത്തിക്കുന്നത്.


കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പുകൾക്കിടെയാണ് കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾക്കെതിരെ സതീശ് വെളിപ്പെടുത്തൽ നടത്തിയത്. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കള്ളപ്പണം എത്തിച്ചുവെന്നും, പണം എത്തിച്ച ധർമ്മരാജൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും ജില്ലാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കേസിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.

കേസിൽ പുനരന്വേഷണം ആരംഭിച്ച പ്രത്യേക സംഘം നേരത്തെ പ്രാഥമികമായി സതീശിന്റെ മൊഴിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തുക. അന്വേഷണത്തെ മുന്നോട്ട് കൊണ്ട് പോകുന്ന നിർണ്ണായക വിവരങ്ങൾ സതീശിന്റെ മൊഴിയിൽ നിന്ന് ലഭിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് അപേക്ഷ നൽകിയത്.


താൻ മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നുമാണ് തീരൂർ സതീശ് ആവർത്തിക്കുന്നത്. പുനരന്വേഷണം ശരിയായ നിലയിലല്ലെന്ന് തോന്നിയാൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയും. ഈ ഘട്ടത്തിൽ വെളിപ്പെടുത്തലുകൾ നടത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സതീശ് പറയുന്നു. അതേസമയം പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികൾ മുന്നോട്ട് പോവുകയാണെന്നും അടുത്ത ഘട്ടത്തിലേക്ക് ഉടൻ കടക്കുമെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com