
നിര്‍മാണം പൂര്‍ത്തിയായ മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് മുഖ്യമന്ത്രി പിണറായി ഇന്ന് നാടിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര, വ്യാപാര മേഖലകളില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കാന്‍ മലയോര ഹൈവേയുടെ വരവോടെ സാധിക്കുമെന്നാണ് മലയോര ജനത പ്രതീക്ഷിക്കുന്നത്.
കിഫ്ബി സഹായ ധനത്തോടെ 195 കോടി രൂപ ചിലവഴിച്ചാണ് 34.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പൂര്‍ത്തീകരിച്ചത്. 2016ല്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് വാളാട് മുതല്‍ കക്കാടംപൊയില്‍ വരെയുള്ള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും, 2020ല്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് റീച്ചിൻ്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
12 മീറ്റര്‍ വീതിയിലാണ് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് ടാറിങ്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗര്‍ഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള സംവിധാനങ്ങളും സൗരോര്‍ജ വിളക്കുകളും സിഗ്‌നല്‍ ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയ നടപ്പാതകള്‍, ബസ് വെയ്റ്റിങ് ഷെഡ്ഡുകള്‍, കൈവരികള്‍ എന്നിവയുമുണ്ട്. കൂമ്പാറയിലും വീട്ടിപ്പാറയിലുമായി രണ്ട് പാലങ്ങളും മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.
കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് പുല്ലൂരാംപാറയില്‍, നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയിലേക്ക് എത്തുന്ന തിരുവമ്പാടി-മറിപ്പുഴ റോഡുമായി ചേരും. കക്കാടംപൊയില്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ഇരുവിഴിഞ്ഞിപ്പുഴയിലെ ഇലന്തുകടവ്, തുഷാരഗിരി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
പൂര്‍ണമായും ജനങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയ പ്രദേശത്ത് കൂടിയാണ് പാത കടന്നുപോകുന്നത്. സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് സംരക്ഷണ ഭിത്തിയും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ജില്ലയില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ വരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയില്‍, എലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കല്‍, കൂടരഞ്ഞി കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്ഷന്‍, കുമ്പാറ, മേലേ കൂമ്പാറ, താഴെ കക്കാട്, കക്കാടംപൊയില്‍ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. കാസര്‍ഗോഡ് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്നതാണ് മലയോര ഹൈവേ.