കൊടുങ്ങല്ലൂര്‍ വഖഫ് സ്വത്ത് അപഹരണം: "മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്"; ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ട്രസ്റ്റുകൾ രൂപീകരിച്ച് വഖഫ് സ്വത്തുകൾ കൈവശപ്പെടുത്തുന്നത് ആദ്യ സംഭവമല്ലെന്നും കെ.ബി. ബഷീർ പറഞ്ഞു
കെ.ബി. ബഷീർ
കെ.ബി. ബഷീർ
Published on

കൊടുങ്ങല്ലൂര്‍ ദാറുസ്സലാം ജുമാ മസ്ജിദിന്റെ വഖഫ് സ്വത്ത് അപഹരണത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി കാന്തപുരം വിഭാഗം. മുൻപും സമാനമായ രീതിയിലുള്ള തട്ടിപ്പുകൾ ജമാഅത്തെ ഇസ്ലാമി നടത്തിയിട്ടുണ്ടെന്ന് എ.പി സുന്നി വക്താവ് കെ.ബി. ബഷീർ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ട്രസ്റ്റുകൾ രൂപീകരിച്ച് വഖഫ് സ്വത്തുകൾ കൈവശപ്പെടുത്തുന്നത് ആദ്യ സംഭവമല്ലെന്നും എറണാകുളം ജില്ലയിൽ സമാനമായ സംഭവം നടന്നിട്ടുണ്ടെന്നും കെ.ബി. ബഷീർ പറഞ്ഞു. ന്യൂസ് മലയാളം വാർത്തയിലും വെളുത്തകടവ് മഹല്ല് നിവാസികൾ ഉന്നയിക്കുന്ന വാദങ്ങളിലും വസ്തുതയുണ്ട്. വഖഫ് സ്വത്ത് മഹല്ല് നിവാസികൾക്ക് തിരിച്ചുനൽകാനുള്ള എല്ലാ സഹായവും നൽകും. മുസ്ലീം സമുദായത്തിനകത്ത് നിന്ന് തന്നെ വഖഫ് സ്വത്തുകൾ കൊള്ളയടിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നത് ഇതിനെ സാധൂകരിക്കാൻ സഹായിക്കുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങളെ ഗൗരവത്തിൽ കാണണമെന്നും ബഷീ‍ർ കൂട്ടിച്ചേ‍ർത്തു. വഖഫ് മന്ത്രി വി. അബ്ദുറഹ്മാന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നതായും വഖഫ് ബോർഡ് ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും എ.പി സുന്നി വക്താവ് അറിയിച്ചു.

കൊടുങ്ങല്ലൂര്‍ ദാറുസ്സലാം ജുമാ മസ്ജിദിന്റെ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് സ്വന്തം സംഘടനയിലെ തന്നെ ഒരു വിഭാഗമാണ്. ക്രമക്കേടുകള്‍ പുറത്തറിഞ്ഞതോടെ ഗത്യന്തരമില്ലാതെ വീഴ്ചകള്‍ സമ്മതിച്ച് സംഘടനാ നേതാക്കള്‍ രംഗത്ത് വന്നു. അന്യായമായി കൈമാറ്റം ചെയ്ത സ്വത്തുക്കള്‍ തിരികെ നല്‍കാമെന്ന് രേഖാമൂലം വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വാക്ക് പാലിക്കാതെ സംഘടന പിന്മാറുകയായിരുന്നു.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി വെളുത്തകടവ് ദാറുസ്സലാം ജുമാ മസ്ജിദ് 2021ല്‍ 20.8 സെന്റ് ഭൂമിയാണ് സര്‍ക്കാരിന് വിട്ടുനല്‍കിയത്. ഭൂമിക്ക് നഷ്ടപരിഹാരമായി വന്‍ തുക ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ നേതൃത്വത്തില്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പള്ളിക്കമ്മറ്റി സെക്രട്ടറിയും ഖത്തീബുമായിരുന്ന ജമാഅത്തെ നേതാവ് അബ്ദുള്‍ ലത്തീഫിന്റെയും ജില്ലാ പ്രസഡിന്റ് കെ.കെ. ഷാനവാസിന്റെയും നേതൃത്വത്തില്‍ സ്വത്തുക്കളും പണവും സംഘടനയ്ക്ക് കീഴില്‍ പുതുതായി രൂപീകരിച്ച ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്തു. എന്നാല്‍ മുന്‍ പള്ളികമ്മറ്റി പ്രസിഡന്റും ജമാഅത്തെ അനുഭാവിയുമായ കൂടംമ്പള്ളി മക്കാര്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവര്‍ നടത്തിയ അനധികൃത ഇടപാടുകള്‍ കണ്ടെത്തുകയായിരുന്നു. ജമാഅത്തെ നേതാക്കള്‍ നടത്തിയ വഞ്ചന മക്കാര്‍ വെളിപ്പെടുത്തിയതോടെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമി അനുകൂലികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com