IPL 2025 | RCB vs MI | മുംബൈയ്ക്ക് മുന്നില്‍ റണ്‍‌മല തീർത്ത് ബെംഗളൂരു; കോഹ്‌ലിക്കും പാട്ടീദാറിനും അർധ സെഞ്ചുറി, വിജയലക്ഷ്യം 222

ലഖ്നൗവിനോട് തോറ്റ നിരാശയുമായാണ് ആർസിബിക്കെതിരെ മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കാൻ ഇറങ്ങിയത്
IPL 2025 | RCB vs MI | മുംബൈയ്ക്ക് മുന്നില്‍ റണ്‍‌മല തീർത്ത് ബെംഗളൂരു; കോഹ്‌ലിക്കും പാട്ടീദാറിനും അർധ സെഞ്ചുറി, വിജയലക്ഷ്യം 222
Published on

ഐപിഎല്ലിലെ 20-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ സ്കോർ പടുത്തുയർത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. 222 റൺസിന്റെ വിജയലക്ഷ്യമാണ് ഹാർദിക് പാണ്ഡ്യക്കും സംഘത്തിനും മുന്നിലുള്ളത്. വിരാട് കോഹ്‌ലി (67), രജത് പാട്ടീദാർ (64), എന്നിവരുടെ അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് ബെം​ഗളൂരു നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ത്തിൽ 221 റൺസ് നേടിയത്.



ലഖ്നൗവിനോട് തോറ്റ നിരാശയുമായാണ് ആർസിബിക്കെതിരെ മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കാൻ ഇറങ്ങിയത്. ആ നിരാശ ഇരട്ടിപ്പിക്കുന്ന പ്രകടനമാണ് ബെംഗളൂരു പുറത്തെടുത്തത്.  ടോസ് നേടിയ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ബെം​ഗളൂരുവിന് ബോൾട്ടിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (4) നഷ്ടമായി. എന്നാൽ വമ്പൻ അടിയുമായി വിരാട് കോഹ്‌ലി അർധ സെഞ്ചുറി തികച്ചു. ഒപ്പം ദേവ്ദത്ത് പടിക്കലും ചേർന്നതോടെ ബെം​ഗളൂരു സ്കോർ അതിവേ​ഗം ഉയർന്നു. ഒൻപതാം ഓവറിൽ ടീം സ്കോർ 95ൽ എത്തിനിൽക്കെയാണ് ദേവ്​ദത്തിന്റെ വിക്കറ്റ് വീണത്. വിഘ്നേഷ് പുത്തൂരിനായിരുന്നു വിക്കറ്റ്. ഐപിഎല്ലിൽ ഇറങ്ങിയ മൂന്ന് മത്സരങ്ങളിലും ഈ മലയാളി താരം വിക്കറ്റ് നേടി. ആറ് വിക്കറ്റുകളാണ് ഈ സീസണില്‍ ഇതുവരെ വിഘ്നേഷ് സ്വന്തമാക്കിയത്. ദേവ്ദത്തിന് പിന്നാലെ വന്ന ക്യാപ്റ്റൻ രജത് പട്ടീദാറും ആക്രമിച്ചു കളിക്കാനാണ് തീരുമാനിച്ചത്.  ബെംഗളൂരു സ്കോർ 143ൽ എത്തിനില്‍ക്കെ  കോഹ്‌ലിയെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. ഡീപ് മിഡ് വിക്കറ്റിൽ നമാൻ ധീറിന് ക്യാച്ച് നൽകി പുറത്താകുമ്പോൾ 67 (42) റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. കോഹ്‌ലിക്ക് പിന്നാലെ ലിയാം ലിവിങ്സ്റ്റണിന്റെ (0) വിക്കറ്റും ഹാർദിക് വീഴ്ത്തി. 32 പന്തില്‍ 64 റണ്‍സ് നേടിയ രജത് പാട്ടീദാറിനെ ട്രെന്‍റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

മുംബൈയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം നേടി. ഇവരെ കൂടാതെ ഒറ്റ ഓവർ മാത്രം എറിഞ്ഞ വിഘ്നേഷ് പുത്തൂരിന് മാത്രമാണ് വിക്കറ്റ് നേടാനായത്. 10 റൺസ് മാത്രമാണ് വിഘ്നേഷ് വഴങ്ങിയത്.

ആദ്യ രണ്ട് മത്സരവും തോറ്റ് തുടങ്ങിയ മുംബൈക്ക് ഇനിയും തോൽവിയേറ്റുവാങ്ങാനാകില്ല. മുംബൈയുടെ പെരുമകേട്ട ബാറ്റിങ് നിരയുടെ ആത്മവിശ്വാസമില്ലായ്മ വെളിവായ മത്സരമായിരുന്നു കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരെ കണ്ടത്.  പരിക്ക് കാരണം ലഖ്നൗവിനെതിരെ പുറത്തിരുന്ന മുൻനായകൻ രോഹിത് ശർമ കളിക്കുമെന്നത് വലിയ സ്കോർ പിന്തുടരുന്ന ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com