
ശക്തമായ കടല്‍ക്ഷോഭത്തില്‍ കോഴിക്കോട് കൊയിലാണ്ടിയിൽ തീരദേശ റോഡ് വീണ്ടും തകര്‍ന്നു. കാപ്പാട് തുവ്വപാറയിലെ ഒരു കിലോമീറ്ററോളം നീളമുള്ള റോഡിൻ്റെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തികളാണ് കടലെടുത്തത്. ഇതോടെ കടലാക്രമണ ഭീഷണിയുള്ള പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരവും സുരക്ഷയും ആശങ്കയിലായിരിക്കുകയാണ്.
കൊയിലാണ്ടി - കാപ്പാട് തീരദേശ റോഡിൻ്റെ സംരക്ഷണത്തിനായി തുവ്വപാറയില്‍ നിര്‍മ്മിച്ച കടല്‍ ഭിത്തികളാണ് കടലാക്രമണത്തിൽ തകര്‍ന്നത്. ഇതേതുടർന്ന് റോഡില്‍ മൂന്ന് ഭാഗങ്ങളിലായി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് മൂന്ന് ദിവസത്തോളമായി കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. കാപ്പാട് മുതല്‍ മൂന്നര കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കടല്‍ത്തീരത്ത് കടല്‍ക്ഷോഭം തടയാന്‍ പുലിമുട്ട് നിര്‍മ്മാണം നടത്തണമെന്നും എത്രയും വേഗത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
മൂന്നുമാസം മുമ്പാണ് തകര്‍ന്ന കടല്‍ ഭിത്തികൾക്കും റോഡിനും ലക്ഷങ്ങള്‍ ചിലവഴിച്ച് അറ്റകുറ്റപണികൾ നടത്തിയത്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കും കൊയിലാണ്ടി ഹാര്‍ബറിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളുമാണ് ഈ റോഡിനെ പ്രധാനമായും ആശ്രയിക്കുന്നത്. അപകടവസ്ഥയിലായ റോഡിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇപ്പോൾ കടന്നു പോകാന്‍ കഴിയൂ. അതുകൊണ്ട് തന്നെ പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.