കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സിബിഐ റിപ്പോർട്ട് ഇന്ന് സുപ്രീം കോടതിയിൽ , ആർ ജി കർ ആശുപത്രിയിൽ വലിയ മാറ്റങ്ങൾ വരുത്തി സർക്കാർ

മുൻ മേധാവി ഡോ.സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പ്രിൻസിപ്പലായി നിയമിച്ച പ്രൊഫസർ ഡോ.സുഹൃദ പോളിനെ സ്ഥാനത്തു നിന്നും മാറ്റി. പ്രൊഫസർ ഡോ.മനസ് കുമാർ ബന്ദോപാധ്യായയാണ് പുതിയ പ്രിൻസിപ്പൽ.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സിബിഐ റിപ്പോർട്ട് ഇന്ന് സുപ്രീം കോടതിയിൽ , ആർ ജി കർ ആശുപത്രിയിൽ വലിയ മാറ്റങ്ങൾ വരുത്തി സർക്കാർ
Published on



കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ റിപ്പോർട്ട് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കും. കേസിന്റെ തൽസ്ഥിതി റിപ്പോർട്ടാണ് ഇന്ന് നൽകുക. ആശുപത്രിയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് ബംഗാൾ സർക്കാരും ഇന്ന് തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ നൽകും.


ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് സ്വന്തമായി പരിഗണിച്ച് വാദം കേട്ടിരുന്നു. വാദത്തിനിടെ ബംഗാൾ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.  എഫ്.ഐ.ആർ വൈകിയതിന് ആശുപത്രി അധികൃതരെയും ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു.


കൊൽക്കത്തയിലെ ആർ.ജി കാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവം രാജ്യവ്യാപകമായി തന്നെ ശ്ക്തമായ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായിരുന്നു.

അതേ സമയം പ്രതിഷേധത്തെ തുടർന്ന് ആവശ്യപ്പെട്ടതനുസരിച്ച് പശ്ചിമ ബംഗാൾ സർക്കാർ ആശുപത്രി ഭരണത്തിലെ ഉന്നത തസ്തികകളിൽ മാറ്റങ്ങൾ വരുത്തി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൻ്റെ മുൻ മേധാവി ഡോ.സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പ്രിൻസിപ്പലായി നിയമിച്ച പ്രൊഫസർ ഡോ.സുഹൃദ പോളിനെ സ്ഥാനത്തു നിന്നും മാറ്റി. പ്രൊഫസർ ഡോ.മനസ് കുമാർ ബന്ദോപാധ്യായയാണ് പുതിയ പ്രിൻസിപ്പൽ.

ആർജി കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് പ്രൊഫസർ ഡോ. ബുൾബുൾ മുഖോപാധ്യായയെയും സ്ഥലം മാറ്റി. പ്രൊഫസർ ഡോ.സപ്തർഷി ചാറ്റർജിയെ ഈ തസ്തികയിലേക്ക് നിയമിച്ചു. ആർജി കാർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം മേധാവിയായിരുന്ന പ്രൊഫസർ ഡോ.അരുണാഭ ദത്ത ചൗധരിയെ സംസ്ഥാന സർക്കാർ നീക്കി. ഈ വിഭാഗത്തിലെ ബിരുദാനന്തര ബിരുദധാരിയാണ് പീഡനത്തിനിരയായത്.

ഇന്നലെ കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ നിന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യഭവനിലേക്ക് വിദ്യാർത്ഥികളുടെയും മുതിർന്ന ഡോക്ടർമാരുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയത്. ഡോക്ടർമാരുടെ ഒരു പ്രതിനിധി സംഘം അവിടെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും പ്രിൻസിപ്പലിനെ മാറ്റുന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com