കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം: റാലി നടത്താനൊരുങ്ങി മമത ബാനര്‍ജി; പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു പ്രതിഷേധ റാലിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് വ്യക്തമാക്കി തൃണമൂല്‍ എംപി ഡെറെക് ഒബ്രിയോണ്‍ രംഗത്തെത്തി.
കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം: റാലി നടത്താനൊരുങ്ങി മമത ബാനര്‍ജി; പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം
Published on


കൊല്‍ക്കത്തയില്‍ കൂട്ട ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊലപാതകത്തില്‍ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് വെള്ളിയാഴ്ച റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് മമത രംഗത്തെത്തിയത്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് അന്ത്യശാസനവും നല്‍കി.

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസ് കേസ് അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും ചൂണ്ടിക്കാണിച്ചാണ് സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ അടക്കം ആവശ്യപ്പെട്ടത്.


അതേസമയം എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു പ്രതിഷേധ റാലിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് വ്യക്തമാക്കി തൃണമൂല്‍ എംപി ഡെറെക് ഒബ്രിയോണ്‍ രംഗത്തെത്തി.

'കൊല്‍ക്കത്ത പോലൊരു നഗരത്തില്‍ ഒരു യുവതിയെ ഇത്രയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പൊതുജനങ്ങളുടെ വികാരം നമുക്ക് പൂര്‍ണമായും മനസിലാകും. എല്ലാ പ്രാര്‍ഥനകളും അവരുടെ കുടുംബത്തോടൊപ്പമാണ്. അതേസമയം കേസ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് സിബിഐ ആണ്. എല്ലാ ദിവസവും കേസിന്റെ പുരോഗതി എന്താണെന്ന് അവര്‍ അറിയിക്കേണ്ടതുണ്ട്,' ഡെറെക് ഒബ്രിയോണ്‍ പറഞ്ഞു.

ആഗസ്റ്റ് 17നായിരുന്നു കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ആദ്യം സംസ്ഥാന പൊലീസിന് നല്‍കിയിരുന്ന സമയം. ഇത് തന്നെയായിരിക്കും സിബിഐയ്ക്കും റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കാനുള്ള അവസാന ദിവസമെന്നും ഡെറെക് ഒബ്രിയോണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആവശ്യമുയര്‍ന്നപ്പോള്‍ ആദ്യഘട്ടത്തില്‍ അത് അനുവദിക്കാന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. എന്നാല്‍ കേസില്‍ അന്വേഷണം വൈകുന്നത് ശരിയായ നടപടിയല്ല എന്ന് കാണിച്ച് സിബിഐ കേസ് എടുക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മകള്‍ ക്രൂരമായ ആക്രമണത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. തലയിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റതിന്റെ അടയാളങ്ങളുമുണ്ട്. ആക്രമണത്തിനിടയില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ മൂടിയിട്ടുണ്ടാകാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തി. ഇതെല്ലാം മകള്‍ ക്രൂരമായ അക്രമത്തിന് ഇരയായതിന്റെ തെളിവുകളാണെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com