
ആർജി കർ മെഡിക്കൽ കോളേജിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട്
ബിജെപി നേതാവിനോടും രണ്ട് ഡോക്ടർമാരോടും കൊൽക്കത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. നടിയും ബിജെപി നേതാവുമായ ലോക്കറ്റ് ചാറ്റർജി, ഡോക്ടർമാരായ കുനാൽ സർക്കാർ, സുബർണോ ഗോസ്വാമി എന്നിവരോടാണ് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊലീസിന് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
ALSO READ: ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് അവസാനിച്ചു; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് തേടി കേന്ദ്രം
സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ആഗസ്ത് 9 നാണ് 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് താൻ കണ്ടതായും 150 ഗ്രാം ബീജത്തിൻ്റെ സാന്നിധ്യമുണ്ടെന്നും കൂട്ടബലാത്സംഗത്തിൻ്റെ തെളിവുകൾ എന്നിവയുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും സുബർണോ ഗോസ്വാമി വിവിധ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ കൊൽക്കത്ത പൊലീസ് ഈ അവകാശവാദങ്ങളെ നിഷേധിക്കുകയും അവ വ്യാജ വാർത്തകളെന്ന് മുദ്രകുത്തുകയും ചെയ്തു.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരമുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത്തരം കണ്ടെത്തലുകളൊന്നുമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം വാർത്തകൾ അതിവേഗം പ്രചരിക്കുകയും ജനരോഷം ആളിക്കത്തിക്കുകയും ചെയ്തു. ഈ കിംവദന്തികൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇരയുടെ പേരും ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ചാറ്റർജിയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.