
കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘത്തെ ശാസിച്ച് കോടതി. സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ്റെ അഭാവവും ഏജൻസിയുടെ അഭിഭാഷകൻ വരാൻ വൈകിയതുമാണ് കോടതിയെ ചൊടിപ്പിച്ചത്. അന്വേഷണ സംഘത്തിൻ്റെ അഭാവത്തിൽ ഇനി പ്രധാന പ്രതികൾക്ക് ജാമ്യം നൽകണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സിബിഐയുടെ അലസ മനോഭവമാണ് പ്രതിഫലിക്കുന്നതെന്നും കോടതി ശാസിച്ചു. പിന്നാലെ സിബിഐക്കും ബിജെപിക്കുമെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
ആർജി കാർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ശാസന. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതി കേസ് പരിഗണിക്കവെ വാദം കേൾക്കാൻ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായില്ലെന്ന് സീൽദാ കോടതിയിലെ അഡിഷണൽ ചീഫ് മജിസ്ട്രേറ്റ് പമേല ഗുപ്ത ചൂണ്ടിക്കാട്ടി. പിന്നാലെ പ്രതി സഞ്ജയുടെ അഭിഭാഷകൻ്റെ വാദം കഴിഞ്ഞപ്പോഴാണ് സിബിഐ അഭിഭാഷകൻ കോടതിയിലെത്താൻ വൈകുമെന്ന് മജിസ്ട്രേറ്റ് അറിയുന്നത്.
വാദം തുടങ്ങി 40 മിനിറ്റോളം കഴിഞ്ഞിട്ടും സിബിഐ അഭിഭാഷകൻ എത്താഞ്ഞതോടെ മജിസ്ട്രേറ്റ് രോഷാകുലനായി. "ഞാൻ സഞ്ജയ് റോയിക്ക് ജാമ്യം നൽകണോ? സിബിഐയുടെ ഭാഗത്തുനിന്നുള്ള കടുത്ത അലസമായ മനോഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്," മജിസ്ട്രേറ്റ് പറഞ്ഞു. അഭിഭാഷകൻ എത്തിയതോടെ വാദം തുടരുകയും ഇരുഭാഗവും കേട്ട ശേഷം മജിസ്‌ട്രേറ്റ് സഞ്ജയ് റോയിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
അതേസമയം ഇത് നീതിയോടുള്ള നഗ്നമായ അവഗണനയെ പ്രതിഫലിപ്പിക്കുന്നെന്നായിരുന്നു തൃണമൂൽ കോണഗ്രസിൻ്റെ പ്രതികരണം. "കോടതി കാത്തിരുന്നിട്ടും ദേഷ്യപ്പെട്ടിട്ടും ആരും വന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയണം. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇതിനെതിരെ പ്രതികരിക്കാത്തത്? സിബിഐ അന്വേഷണം ഏറ്റെടുത്ത് 24 ദിവസവും 570 മണിക്കൂറും പിന്നിട്ടിട്ടും എന്താണ് സംഭവിച്ചത്? സിബിഐ കേസ് ഗൗരവമായി എടുക്കുന്നില്ല എന്നാണ് രാജ്യം മുഴുവൻ പറയുന്നത്,'' തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.
രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന പൊലീസിന് അഞ്ച് ദിവസമായിരുന്നു നൽകിയിരുന്നത്. എന്നാല്‍, അതിന് കാത്തിരിക്കാതെയാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. കേസില്‍ ആദ്യ വാദം കേള്‍ക്കലില്‍ തന്നെയായിരുന്നു കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചാണ് അത്രയും വേഗത്തില്‍ നടപടിയെടുത്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ തീരുമാനം. തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. ആശുപത്രി അധികൃതര്‍, മാനേജ്‌മെന്റ് എന്നിവരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു.