
കൊല്ലം - എറണാകുളം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കഴിഞ്ഞ ആഴ്ചകളിൽ പാലരുവി - വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച നിരവധി വാർത്തകൾ വന്നതോടെയാണ് നടപടി. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക് കുറിപ്പ് പങ്കുവച്ചത്.
പുനലൂരിലും എറണാകുളത്തിനും ഇടയിൽ അടിയന്തിരമായി മെമു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഡൽഹിയിൽ നേരിട്ട് എത്തിയാണ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയതെന്നും എംപി അറിയിച്ചു.
ALSO READ: രാജ്യത്തെ ആദ്യ വന്ദേ ഭാരത് മെട്രോയ്ക്ക് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി
തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും.