മാസങ്ങൾ നീണ്ട ആസൂത്രണം; കൊല്ലത്തെ വാഹനാപകട മരണം കൊലപാതകം, മുഖ്യപ്രതികൾ മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാർ

മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാരി സരിത, അനൂപ് എന്നിവരാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ഇതിന്റെ ഭാ​ഗമായി അനിമോൻ എന്നയാൾക്ക് 19 ലക്ഷം രൂപയ്ക്കാണ് ഇരുവരും ചേർന്ന് ക്വട്ടേഷൻ നൽകിയത്.
മാസങ്ങൾ നീണ്ട ആസൂത്രണം; കൊല്ലത്തെ വാഹനാപകട മരണം കൊലപാതകം, മുഖ്യപ്രതികൾ മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാർ
Published on

കൊല്ലത്ത് വാഹനാപകടത്തിലൂടെ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാരാണ് മുഖ്യ പ്രതികൾ. കൊല്ലപ്പെട്ട ആശ്രാമം സ്വദേശി പാപ്പച്ചൻ്റെ അക്കൗണ്ടിൽ നിന്ന് പ്രതികൾ 50 ലക്ഷം രൂപ കവർന്നതായാണ് വിവരം.



മുത്തൂറ്റ് നിധി ലിമിറ്റഡിലെ ജീവനക്കാരി സരിത, അനൂപ് എന്നിവരാണ് പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ഇതിന്റെ ഭാ​ഗമായി അനിമോൻ എന്നയാൾക്ക് ഇരുവരും ചേർന്ന് 19 ലക്ഷം രൂപ നൽകി.  കൊലപാതകത്തിനായി അനിമോൻ മാഹീൻ, ഹാഷിം എന്നീ രണ്ട് കൂട്ടുപ്രതികളുടെ സഹായവും തേടി. അനൂപാണ് പാപ്പച്ചനെ ആശ്രമത്തേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് ക്വട്ടേഷൻ ഏറ്റെടുത്ത അനി മോൻ പാപ്പച്ചനെ കാറുപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചു. സംഭവ സ്ഥലത്ത് പ്രതികളിലൊരാളായ ആസിഫ് ആംബുലൻസ് തയ്യാറാക്കി നിർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.


അതേ സമയം കൊലപാതകത്തിൽ മുത്തൂറ്റ് നിധി ലിമിറ്റഡിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ വിവേക് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലപ്പെട്ട പാപ്പച്ചൻ്റെ മകളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. പാപ്പച്ചൻ്റെ അക്കൗണ്ടിലെ ദുരൂഹ ഇടപാടുകളിൽ മകൾക്ക് സംശയം ഉണ്ടായിരുന്നു.


കൊല്ലപ്പെട്ട പാപ്പച്ചന് സ്വകാര്യ ധനമിടപാട് സ്ഥാപനമായ മുത്തൂറ്റ് നിധി ലിമിറ്റഡിൽ 80 ലക്ഷത്തിന്റെ ഫിക്സ്ഡ് ഡെപ്പോസിറ്റുണ്ട്. അതിൽ പലതവണ സരിതയും അനൂപും തിരിമറി നടത്താൻ ശ്രമിച്ചിരുന്നു. ശേഷമായിരുന്നു കൊലപാതകശ്രമം. ആദ്യം മരണകാരണം സാധാരണമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരുന്നത്. എന്നാല്‍, ഉയര്‍ന്നുവന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മരണം കൊലപാതമാണ് എന്ന് കണ്ടെത്തിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com