
കൊല്ലം മൈലാപ്പൂരിൽ യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മൈലാപ്പൂർ സ്വദേശികളായ ഷെഫീക്ക്, തൗഫിൽ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ആക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന റിയാസ് തന്നെയാണ് പ്രതികൾക്കെതിരെ പൊലീസിൽ മൊഴി നൽകിയത്. പണം കടം വാങ്ങിയിട്ട് തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നും യുവാവ് പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം കൊട്ടിയം പൊലീസ് റിയാസിൻ്റെ മൊഴി രേഖപ്പെടുത്തി കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു.
ഇരുപതിനായിരം രൂപ കടം വാങ്ങിയെങ്കിലും തിരികെ നൽകാഞ്ഞതോടെയാണ് പ്രതികൾ യുവാവിനെ ജീവനോടെ കത്തിക്കാൻ തീരുമാനിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് റിയാസിൻ്റെത്. പണം തിരികെ നൽകാൻ കഴിയാതിരുന്നതിനെത്തുടർന്ന് തമിഴ് നാട്ടിലെ തീർഥാടന കേന്ദ്രത്തിൽ കഴിഞ്ഞ് വന്നിരുന്ന റിയാസ് ഇന്നലെയാണ് ഉമയനല്ലൂരിലെ വീട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് ഷെഫീക്കും, സുഹൈലും വീട്ടിലെത്തി റിയാസിനെ കൂട്ടി കൊണ്ട് പോയത്. വാഹനത്തിലിരുന്ന് പ്രതികൾ മദ്യപിച്ചു. ശേഷം വാഹനത്തിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഉപയോഗിച്ച് റിയാസിൻ്റെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു.