
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്രൈം ബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടരന്വേഷണത്തിന് മുൻപ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശിക്കുന്നതിനേക്കാൾ കൂടുതലായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിതാവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ നാല് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ മൊഴി. മാധ്യമങ്ങളോട് പറഞ്ഞ ഈ മൊഴി പിന്നീട് പൊലീസ് പരിഗണിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് മൂന്ന് പേര്‍ ചേര്‍ന്നാണെന്ന കണ്ടെത്തലില്‍ സംശയമില്ലെന്ന മൊഴിയിൽ പിന്നീട് ഇയാൾ ഉറച്ചു നിൽക്കുകയായിരുന്നു.
നാല് പേരുണ്ടെന്നത് മകന്‍ പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും, തൻ്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും പിതാവ് പൊലീസിനോടും കോടതിയോടും വ്യക്തമാക്കി. അന്വേഷണ സംഘത്തിനും കോടതിക്കും മുന്നിൽ രേഖപ്പെടുത്തിയ രഹസ്യ മൊഴിയിലും വൈരുധ്യങ്ങളില്ലെന്നാണ് തുടരന്വേഷണ റിപ്പോർട്ട്.
Also Read: നിലപാട് പ്രഖ്യാപിക്കാൻ അൻവർ; ഇന്ന് വൈകിട്ട് നിലമ്പൂരിൽ പൊതുയോഗം
2023 നവംബര്‍ 27നാണ് ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. സഹോദരന്‍ ജോനാഥനൊപ്പം വീട്ടില്‍ നിന്ന് ട്യൂഷന് പോയപ്പോഴാണ് കുട്ടിയെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടു പോയ സംഘം പിറ്റേന്ന് തന്നെ കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. ആശ്രാമം മൈതാനത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.