കണ്ണീരോടെ വിട;പത്തനംതിട്ട കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് അന്താഞ്ജലി അർപ്പിച്ച് ജന്മനാട്

പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം വിലാപയാത്രയായി മൃതദേഹങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ എത്തിച്ചു. ദേവാലയത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകൾ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരെ അവസാന നോക്ക് കാണാൻ എത്തിച്ചേർന്നു.
കണ്ണീരോടെ വിട;പത്തനംതിട്ട കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് അന്താഞ്ജലി അർപ്പിച്ച് ജന്മനാട്
Published on


പത്തനംതിട്ട കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്. നാല് പേരുടെയും സംസ്കാര കർമ്മങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടന്നു. പള്ളി പാരിഷ് ഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകൾ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.


ഇടത്തട്ടയിലെ മോർച്ചറിയിൽ നിന്ന് പുലർച്ചെയാണ് മലശ്ശേരിയിലെ വീടുകളിലേക്ക് മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും ബിജു ജോർജിന്റെയും മൃതദേഹങ്ങൾ എത്തിച്ചത്. മത്തായിയുടെയും നിഖിലിന്റെയും ഭാര്യ അനുവിന്റെയും മൃതദേഹങ്ങൾ പുത്തേത്ത് തുണ്ടിയിൽ വീട്ടിലും അനുവിന്റെ അച്ഛൻ ബിജുവിന്റെ മൃതദേഹം പുത്തൻവിള കിഴക്കേതിൽ വീട്ടിലും എത്തിച്ചു.

പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം വിലാപയാത്രയായി മൃതദേഹങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ എത്തിച്ചു. ദേവാലയത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകൾ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരെ അവസാന നോക്ക് കാണാൻ എത്തിച്ചേർന്നു. ഒടുവിൽ മരണത്തിനും അവരെ അകറ്റാനായില്ലായെന്നോണം സെന്റ് മേരീസ് ദേവാലയത്തിലെ അടുത്തടുത്ത കല്ലറകളിൽ 4 പേരും തിരിച്ചു വരവില്ലാത്ത വിശ്രമത്തിലേക്ക് നീങ്ങി. അനുവിന്റെയും നിഖിലിന്റെയും മത്തായിയുടെയും മൃതദേഹങ്ങൾ ഒരേ കല്ലറയിലും ബിജുവിന്റെ മൃതദേഹം സമീപത്തെ കല്ലറയിലും ആണ് അടക്കിയത്.




കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു പുനലൂർ മൂവാറ്റുപുഴ പാതയിൽ കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ 4 ജീവനുകൾ പൊലിഞ്ഞത്. മധുവിധു യാത്ര പൂർത്തിയാക്കി മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരും വഴിയായിരുന്നു അപകടം. 8 വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബർ 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. ജീവിച്ചു തുടങ്ങും മുമ്പേ വിധി കവർന്നെടുത്ത നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് നാടും നാട്ടുകാരും ഇനിയും മോചിതരായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com