കോന്നിയിൽ വീടിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവം: തീ പടർന്നത് സ്വിച്ച് ബോർഡിന്റെ ഭാഗത്തു നിന്നെന്ന് ഫോറൻസിക് വിദഗ്ധർ

വ്യക്തത വരുത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ നാളെ സ്ഥലം പരിശോധിക്കും
കോന്നിയിൽ വീടിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവം: തീ പടർന്നത് സ്വിച്ച് ബോർഡിന്റെ ഭാഗത്തു നിന്നെന്ന് ഫോറൻസിക് വിദഗ്ധർ
Published on


പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനുള്ളിൽ പൊള്ളലേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മകൻ്റെ മുറിയിൽ നിന്നാണ് ആദ്യം തീ ഉയർന്നതെന്ന് അമ്മ വനജ പോലീസിന് മൊഴി നൽകി. ഇന്നലെ രാത്രി എട്ടരയോടെ ഉണ്ടായ തീപിടുത്തത്തിൽ ആണ് ഇളകൊള്ളൂർ സ്വദേശി മഹേഷ് പൊള്ളലേറ്റ് മരിക്കുന്നത്. തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന്റെ കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മഹേഷിന്റെ മുറിയിൽ നിന്നാണ് തീ ആളിപ്പടർന്നതെന്ന് അമ്മ വനജ പൊലീസിന് മൊഴി നൽകി. ഇതോടെ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സ്വിച്ച് ബോർഡിന്റെ ഭാഗത്തു നിന്നു തീ പടർന്നു എന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. വ്യക്തത വരുത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ നാളെ സ്ഥലം പരിശോധിക്കും.

മരിച്ച മഹേഷും അമ്മയും അച്ഛനുമാണ് വീട്ടിലുള്ളത്. തീപിടുത്തത്തിന് തൊട്ട് മുൻപ് മഹേഷിന്റെ അച്ഛൻ സോമൻ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. വീട്ടുകാർ തമ്മിൽ വഴക്ക് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.

ഫോറൻസിക് ഉദ്യോഗസ്ഥരെത്തി വീട്ടിൽ പരിശോധന നടത്തി. കെഎസ്ഇബി എൻജിനീയറിങ് വിഭാഗം കൂടുതൽ പരിശോധന നടത്തും. ശേഷമാകും തീപിടുത്തത്തിന്റെ കാരണം കൂടുതൽ വ്യക്തമാകുക. മരിച്ച മഹേഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് കോന്നി മെഡിക്കൽ കോളേജിൽ നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com