ലഹരിച്ചുഴിയിൽ കേരളം: ജന്മം കൊടുത്ത കുറ്റത്തിന് ഉമ്മയെ കൊലപ്പെടുത്തിയത് 17-ലേറെ വെട്ടുകൾ വെട്ടി

മാതാവിനെ വെട്ടിക്കൊലപ്പെടുത്തുമ്പോഴും അതിന് ശേഷവും കോഴിക്കോട് അടിവാരം സ്വദേശി ആഷിഖിന്റെ മുഖത്ത് കുറ്റബോധത്തിന്റെ ഒരു തരിമ്പ് പോലും ഉണ്ടായിരുന്നില്ല
ലഹരിച്ചുഴിയിൽ കേരളം: ജന്മം കൊടുത്ത കുറ്റത്തിന് ഉമ്മയെ കൊലപ്പെടുത്തിയത് 17-ലേറെ വെട്ടുകൾ വെട്ടി
Published on


രാസ ലഹരി ഒരു തലമുറയെത്തന്നെ കാർന്ന് തിന്നു തുടങ്ങിയിരിക്കുന്നു. ലഹരി വലയിലകപ്പെട്ട് സ്വന്തം മാതാവിനെപ്പോലും കൊത്തിനുറുക്കുന്ന മക്കളായി ഒരു തലമുറ രൂപാന്തരപ്പെടുകയാണ്. 25-ാം വയസിൽ സ്വന്തം മാതാവിനെ വെട്ടിക്കൊലപ്പെടുത്തുമ്പോഴും അതിന് ശേഷവും കോഴിക്കോട് അടിവാരം സ്വദേശി ആഷിഖിന്റെ മുഖത്ത് കുറ്റബോധത്തിന്റെ ഒരു തരിമ്പ് പോലും ഉണ്ടായിരുന്നില്ല.

ലഹരിയുടെ പ്രഭാവത്തിൽ സ്ഥലകാല ബോധം നഷ്ടപ്പെട്ടിരിക്കുന്ന ആഷിഖ് എന്ന ചെറുപ്പക്കാരനെ നാം മറന്നു കാണില്ല. മകൻ എന്ന ലോകത്ത് മാത്രമായി ജീവിക്കാൻ ആഗ്രഹിച്ച ഒരു ഉമ്മ. ആ ഉമ്മയെ 17 ലധികം വെട്ടുകൾ വെട്ടിയാണ് മകൻ കൊലപ്പെടുത്തിയത്. ഒരേ ഒരു കാരണം ലഹരി.

നന്നേ ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയ ആഷിഖിനെ കല്യാണ വീടുകളിൽ പാചക സഹായിയായും കൂലിവേല ചെയ്തും വളർത്തിയാണ് ഉമ്മ സുബൈദ വളർത്തി വലുതാക്കിയത്. തനിക്ക് ജന്മം നൽകിയതിനാണ് മാതാവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു ആഷിക് പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

ലഹരിയുടെ വല പിടിമുറുക്കിയതോടെയാണ് ഉമ്മയും മകനും തമ്മിലുള്ള നല്ല ബന്ധത്തിൽ വിള്ളൽ വീഴുന്നത്. സുബൈദക്ക് നേരെ ആഷിഖ് നടത്തിത് അപ്രതീക്ഷിതമായ ഒരു അക്രമണം ആയിരുന്നില്ല. മുൻപും പല തവണ ആഷിഖ് സുബൈദയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഓരോ പ്രാവശ്യവും ബലം പ്രയോഗിച്ച് പിടിച്ചടക്കിയാണ് ആഷിഖിനെ നാട്ടുകാരും ബന്ധുക്കളും ലഹരിമുക്ത കേന്ദ്രങ്ങളിൽ ആക്കിയിരുന്നത്.

കേരളത്തിലും പുറത്തുമായി നിരവധി തവണ ആഷിഖിനെ ഡീ അഡിക്ഷൻ സെന്ററുകളിലാക്കി. മകനെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ ഉമ്മ ആവുന്നതെല്ലാം പരിശ്രമിച്ചു. എന്നാൽ ആഷിഖ് അതിനെയെല്ലാം കണ്ടത് പ്രതികാര മനോഭാവത്തോടെയായിരുന്നു, രാസലഹരിയുടെ ഉപയോഗം അവനെ അങ്ങനെയാക്കി മാറ്റിയിരുന്നു.

ബെംഗളൂരുവിലെ ലഹരിമുക്ത ചികിത്സ പൂർത്തിയാക്കി എത്തിയാൽ ആഷിഖിന്റെ വിവാഹം നടത്തി പുതിയൊരു ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു സുബൈദയുടെ ലക്ഷ്യം. ബ്രെയിൻ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് പുതുപ്പാടിയിലെ സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു 53 കാരിയായ സുബൈദ. അവിടെ ചെന്നാണ് മകൻ അമ്മയെ കൊന്നത്.

അയൽവാസിയുടെ വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനെന്ന് കള്ളം പറഞ്ഞ് വാങ്ങിയ വെട്ടുകത്തി കൊണ്ട് ആഷിഖ് മരണം ഉറപ്പിക്കുന്നത് വരെ നൊന്തുപെറ്റ ഉമ്മയെ വെട്ടി. നാട്ടുകാർ ചേർന്നാണ് ആഷിഖിനെ കീഴ്പ്പെടുത്തിയത്.

ലഹരിക്ക് പണം തികയാതായപ്പോൾ പലയാവർത്തി ആവശ്യപ്പെട്ടിട്ടും സുബൈദ പണം നൽകിയില്ല. സ്വത്ത് വില്പന നടത്താൻ ആവശ്യപ്പെട്ടപ്പോൾ അതും വിസമ്മതിച്ചു. മനസ്സിൽ കൊണ്ടുനടന്ന ഈ വൈരാഗ്യമെല്ലാം ലഹരിയുടെ മൂർധന്യാവസ്ഥയിൽ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ആഴത്തിലുള്ള പതിനേഴിലധികം മുറിവുകളാണ് വെട്ടുകത്തി കൊണ്ടുള്ള വെട്ടിൽ സുബൈദയുടെ ദേഹത്തേറ്റതെന്ന് പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഒരേസ്ഥലത്തുതന്നെ കൂടുതൽ തവണ വെട്ടി എണ്ണം കൃത്യമായി നിർണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകൾ. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. ആഷിഖിൽ തുടങ്ങി ആഷിഖിൽ അവസാനിക്കുന്നതല്ല കണ്ണില്ലാത്ത ലഹരി ക്രൂരതയുടെ ഉദാഹരണങ്ങൾ.

സുബൈദയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെ മറ്റൊരു യുവാവിൻ്റെ വീട്ടിൽ നിന്നും 113 ഗ്രാം എംഡിഎംഎ കണ്ടെത്തിയത് കൊലപാതകം നടന്ന് ഒരാഴ്ചക്കുള്ളിലാണ്. സുബൈദയുടെ ദുരവസ്ഥ ഒരു പുനർ ചിന്തനത്തിന് വഴി ഒരുക്കുന്നുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com