
ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരി പാത തകര്‍ന്ന് ഇടിഞ്ഞുവീണതിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ട് തേടി ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടികളെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു.
മലപ്പുറം കൂരിയാടിലെ ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് പതിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സംഘത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ചുമതലപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. കൂരിയാട് തുടർ പ്രവർത്തനം എങ്ങനെയെന്ന് വിദഗ്ധ സംഘം റിപ്പോർട്ടിന് ശേഷം അറിയിക്കും.
നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ കൂരിയാട് സന്ദർശിച്ചു. അപകടം സംബന്ധിച്ച് മൂന്നംഗ സമിതി പരിശോധന നടത്തുമെന്ന് പ്രോജക്ട് ഡയറക്ടർ അൺസുൽ ശർമ മാധ്യമങ്ങളെ അറിയിച്ചു. സമ്മർദ്ദത്തെ തുടർന്ന് വയൽ പ്രദേശത്തെ മണ്ണ് നീങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രോജക്ട് ഡയറക്ടർ വിശദീകരിച്ചു.
ആറുവരി പാത തകര്‍ന്ന് ഇടിഞ്ഞുവീണതിന് പിന്നാലെ ജില്ലയില്‍ മറ്റൊരിടത്ത് കൂടി റോഡില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ തലപ്പാറയിലാണ് വിള്ളല്‍ കണ്ടെത്തിയത്. നിർമാണം പൂർത്തിയായ റോഡിൻ്റെ മധ്യഭാഗത്താണ് വിള്ളൽ. ഇന്നലെയാണ് ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരി പാത തകര്‍ന്നുവീണത്. ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണ ഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.