"നഗരമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തി, കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി"; സിപിഎമ്മിനെതിരെ കലാ രാജു

മക്കളെ കാണണമെന്ന് പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കണമെന്നാണ് പറഞ്ഞതെന്നും കലാ രാജു വ്യക്തമാക്കി
"നഗരമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തി, കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി"; സിപിഎമ്മിനെതിരെ കലാ രാജു
Published on

കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗണ്‍സിലര്‍ കലാ രാജു. സിപിഎമ്മുകാര്‍ വസ്ത്രം വലിച്ചുകീറിയെന്നും, ക്രൂരമായി മര്‍ദിച്ചുവെന്നും കലാ രാജു ആരോപിച്ചു. പാർട്ടി നേതാക്കളിൽ ഒരാൾ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കലാ രാജു പറഞ്ഞു.


കാറിൽ നിന്ന് ഇറക്കുന്നതിനിടെ സിപിഎമ്മുകാർ മർദിച്ചു. ഡോറിനിടയിൽ കാൽ കുടുങ്ങിയപ്പോൾ വെട്ടി ഓഫീസിൽ എത്തിക്കാമെന്നാണ് പറഞ്ഞത് കലാ രാജു വെളിപ്പെടുത്തി. കാറിൽ കയറ്റി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച്  മർദിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഗ്യാസിൻ്റെ ഗുളിക തന്നു. മക്കളെ കാണണമെന്ന് പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കണമെന്നാണ് പറഞ്ഞതെന്നും കല വ്യക്തമാക്കി. പൊലീസുകാർ രാവിലെ മുതലേ ഉണ്ടായിരുന്നു. അവർക്ക് കൂടുതൽ സുരക്ഷയൊരുക്കാമായിരുന്നു. നിയമനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും കല കൂട്ടിച്ചേർത്തു.

നഗരസഭയിലെ കൂറുമാറ്റം ഭയന്ന് കൗൺസിലർ കലാ രാജുവിനെ സിപിഎമ്മുകാർ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചു കൊണ്ട് മക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം, കലാ രാജുവിനെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും അവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം. ഈ വാദത്തെ അപ്പാടെ തള്ളുന്ന പ്രതികരണമാണ് കലാ രാജു നടത്തിയത്.

മക്കളുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി അടക്കം 45 സിപിഎം നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ലോക്കൽ സെക്രട്ടറി എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന 45 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടഞ്ഞു വെക്കൽ, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

13 ഭരണസമിതി അംഗങ്ങളുള്ള നഗരസഭ എൽഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫിൻ്റ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്. ഇതിനിടെ ഒരു എൽഡിഎഫ് കൗൺസിലർ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അദ്ദേഹം യുഡിഎഫ് കൗൺസിലറുടെ വാഹനത്തിലാണ് നഗരസഭയിൽ വന്നിറങ്ങിയത്. പിന്നാലെ എൽഡിഎഫ് കൗൺസിലറെ നഗരസഭ ചെയർപേഴ്സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com