ഓയൂർ കേസ് പുനരന്വേഷണം: കുട്ടിയുടെ പിതാവിൻ്റെ രഹസ്യ മൊഴിയെടുത്തു

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിൻ്റെ അപേക്ഷയിലാണ് കോടതി രഹസ്യ മൊഴി എടുത്തത്
ഓയൂർ കേസ് പുനരന്വേഷണം: കുട്ടിയുടെ പിതാവിൻ്റെ രഹസ്യ മൊഴിയെടുത്തു
Published on

കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തുടരന്വേഷണത്തിൻ്റെ ഭാഗമായി കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിൻ്റെ അപേക്ഷയിലാണ് കോടതി രഹസ്യ മൊഴി എടുത്തത്.

ഓയൂരിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ ഇനിയും പുറത്തു വരാത്ത ചില സംഭവങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. ഇതിൻ്റെ ഭാഗമായാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്. തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയതിൻ്റെ ഭാഗമായി അന്വേഷണ സംഘം കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വൈരുധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. വൈരുധ്യങ്ങളുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.

ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ സംഘത്തില്‍ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പ്രചാരണത്തില്‍ വ്യക്തത വരുത്താനാണ് തുടരന്വേഷണം നടത്തുന്നത്. നാലുപേരുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തൻ്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നുമാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നല്‍കിയിരുന്ന മൊഴി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com