
കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് എം രംഗത്ത്. പണി പൂർത്തിയാവാത്ത സാഹചര്യത്തിൽ ആകാശപ്പാത പൊളിച്ചു നീക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. പാതിവഴിയിൽ നിർമ്മാണം നിലച്ച നിർമ്മിതി പൊളിക്കണം എന്നാവശ്യപ്പെട്ട് ആകാശപ്പാതയ്ക്ക് കീഴിൽ പടവലം നട്ടാണ് പ്രതിഷേധിച്ചത്.
2016ൽ അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണിയുടെ കൂടി നേതൃത്വത്തിലാണ് കോട്ടയത്ത് ആകാശപ്പാതയുടെ നിർമ്മാണം ആരംഭിക്കുന്നത്. നിർമാണ പ്രവത്തനങ്ങളുടെ ഉദ്ഘാടനത്തിനായി സംഘടിപ്പിച്ച ചടങ്ങിൻ്റെ അധ്യക്ഷൻ കെ.എം. മാണിയായിരുന്നു. UDF ലായിരുന്ന കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെയാണ് ആകാശപ്പാതയിൽ പ്രതിഷേധവുമായി എത്തിയത്.
അന്ന് നാടിൻ്റെ വികസനത്തിനെന്ന പേരിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതി അവതരിപ്പിക്കുമ്പോൾ പിന്തുണയ്ക്കുക മാത്രമാണ് കെ.എം. മാണി ചെയ്തതെന്നാണ് ന്യായീകരണം. അതേസമയം, നിലപാടിൽ മലക്കം മറിഞ്ഞു കേരളാ കോൺഗ്രസ് എം നടത്തിയ പ്രതിഷേധം വലിയ വിമർശനങ്ങൾക്കും പരിഹാസത്തിനും വഴിവെച്ചിട്ടുണ്ട്.