
കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായി. കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അഞ്ച് പ്രതികളെയും നേരത്തെ റാഗിങ് നടന്ന കോളേജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
നേരത്തെയും കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ള, ഇരയായ വിദ്യാർഥിയുടെ കേസിൽ മറ്റ് അഞ്ച് ജൂനിയർ വിദ്യാർഥികളെ സാക്ഷികളാക്കിയിട്ടുണ്ട്.
പ്രതികളായ അഞ്ചു വിദ്യാർഥികളുടെ തുടർ പഠനം വിലക്കാൻ നഴ്സിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. അഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ, ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡൻ്റെ ചുമതലയുള്ള അധ്യാപകൻ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
സർക്കാർ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോയാണ് കേസിലെ പ്രധാന തെളിവ്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്.