
കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിംഗ് കോളേജിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തിൽ പരാതി നൽകിയ ലിബിന്റെ പിതാവ് ലക്ഷ്മണ പെരുമാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. റാഗിങ് നടന്നിരുന്ന വിവരം മുമ്പ് പറഞ്ഞിരുന്നില്ലെന്ന് ലിബിന്റെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് അധ്യാപകർ വിളിച്ചപ്പോൾ ആണ് അറിയുന്നത്. പിന്നീട് ലിബിനുമായി സംസാരിച്ചു. റാഗിംഗ് നാളുകളായി നടക്കുന്നുണ്ടെന്ന് പറഞ്ഞു. എല്ലാ മാസവും പണം പിടിച്ചു വാങ്ങുമായിരുന്നു. ശാരീരികമായി ഉപദ്രവിച്ചിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് വീട്ടിൽ പറയാതിരുന്നതെന്ന് ലിബിൻ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ലിബിന്റെ പിതാവ് ലക്ഷ്മണ പെരുമാൾ പ്രതികരിച്ചു. നഴ്സിംഗ് കോളേജിൽ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. ഇതിൽ മൂന്ന് വിദ്യാർഥികൾ കോളജിൽ പരാതി നൽകി. ഇവരുടെ മൊഴി പൊലീസും രേഖപ്പെടുത്തി.
ഗാന്ധിനഗർ സർക്കാർ നഴ്സിംഗ് കോളേജിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായതിൽ അഞ്ച് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ 2, 3 വർഷ വിദ്യാർഥികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി. എന്നിവരെ ഇതേ തുടർന്ന് ഇന്നലെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഒന്നാംവർഷ ബിരുദ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി ഉപദ്രവിച്ചത്. വിദ്യാർഥികളെ കോമ്പസ് ഉപയോഗിച്ച് മുറിപ്പെടുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ കെട്ടി വേദനിപ്പിക്കുകയും ചെയ്തിരുന്നതായാണ് പരാതിയിൽ പറയുന്നത്. 2024 നവംബർ മുതൽ റാഗിങ് തുടർന്നിരുന്നു.