കോഴിക്കോട് മെഡിക്കൽ കോളേജിലെ രോ​ഗികളുടെ മരണം; അന്വേഷണം കോട്ടയം മെഡി. കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ

യുപിഎസ് തകരാർ ഫിലിപ്സ് കമ്പനി അധികൃതർ ശരിയാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡിഎംഇ ഇൻചാർജ് പറഞ്ഞു
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോ​ഗികളുടെ മരണം; അന്വേഷണം കോട്ടയം മെഡി. കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ
Published on


കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ തകരാറുകൾ ഉടൻ പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് ഡിഎംഇ ഇൻചാർജ് വിശ്വനാഥൻ. ഡിഎംഇ ഇൻചാർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബ്ലോക്കിലെ ഐപി ഇന്ന് മുതൽ ആരംഭിക്കും. എന്നാൽ അത്യാഹിത വിഭാഗവും, എംആർഐ സ്കാനും തൽക്കാലം പ്രവർത്തിപ്പിക്കില്ല. യുപിഎസ് തകരാർ ഫിലിപ്സ് കമ്പനി അധികൃതർ ശരിയാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡിഎംഇ ഇൻചാർജ് പറഞ്ഞു.

അപകടം ഉണ്ടായ ഉടനെ തന്നെ വളരെ വേഗത്തിൽ രോഗികളെ മാറ്റാൻ കഴിഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരികെ എത്തിക്കും. രോ​ഗികളുടെ മരണം സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന അഞ്ചംഗ സംഘം പരിശോധിക്കുമെന്നും ഡിഎംഇ ഇൻചാർജ് വിശ്വനാഥൻ അറിയിച്ചു. മെയ് രണ്ടിന് രാത്രി 7.45-ഓടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നത്. അഞ്ചോളം മരണങ്ങളാണ് സംഭവത്തിൽ റിപ്പോര്‍ട്ട് ചെയ്തത്. പുക ശ്വസിച്ചാണ് ​രോ​ഗികൾ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്തിയിരുന്നു. എന്നാൽ മൂന്നു പേരുടെ മരണം പുക ശ്വസിച്ചല്ലെന്നും രണ്ട് പേര്‍ മരിച്ചത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണെന്നുമാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സിപിയു യൂണിറ്റില്‍ തീപിടിച്ചതാണ് പുക ഉയരാനുള്ള കാരണം. ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജാണ് തീപിടുത്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ബാറ്ററി ചൂടായി ബള്‍ജ് ചെയ്ത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീ പടര്‍ന്ന് മറ്റ് ബാറ്ററികളും കത്തി പൊട്ടിത്തെറിച്ചു. ബാറ്ററി സൂക്ഷിച്ച റൂമിലേക്കും തീപടരുകയും 34 ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചില്ലെങ്കിലും കെട്ടിടത്തില്‍ നിറയെ പുക ഉയരാന്‍ കാരണമായി. ലെഡ് ആസിഡ് ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും ജില്ലാ ഫോറന്‍സിക് വിഭാഗവും നടത്തുന്ന പരിശോധന തുടരുകയാണ്. ജീവനക്കാരുടെ മൊഴി എടുക്കും. സിസിടിവി ദൃശ്യങ്ങളും റെക്കോര്‍ഡും പരിശോധിക്കും. മെയ് രണ്ടിന് രാത്രി 7.45-ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com